തലശ്ശേരി: തലശ്ശേരിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍
പിഴ ചുമത്തി ആര്‍.ടി.ഒ. സിഗ്മ ബസിന് തലശ്ശേരി ആര്‍.ടി. ഒ 10,000 രൂപ പിഴയിട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് തലശ്ശേരി ബസ്റ്റാന്റിലെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ കയറുന്നത് തടയുകയായിരുന്നു. മഴയുണ്ടായിരുന്നിട്ടും എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോള്‍ മാത്രമാണ് വിദ്യാര്‍ഥികളെ ബസില്‍ കയറാന്‍ അനുവദിച്ചത്. അതുവരെ വിദ്യാര്‍ഥികള്‍ മഴ നനഞ്ഞ് ബസിന്റെ ഡോറിന് സമീപം കയറാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും സംഭവത്തില്‍ ശക്തമായ പ്രതിഷേധം ബസ് ജീവനക്കാര്‍ക്കുനേരെ ഉയരുകയും ചെയ്തു. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോലിസില്‍ പരാതി നല്‍കുകയും പോലിസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്ത് ബസ് ജീവനക്കാരില്‍ നിന്ന് പിഴ ഈടാക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത ബസ് ഇന്ന് രാവിലെ വിട്ടു നല്‍കി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും ഇടപെട്ടു. എന്താണുണ്ടായതെന്ന കാര്യം റിപ്പോര്‍ട്ടായി നല്‍കാന്‍ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ.മനോജ് കുമാര്‍ തലശ്ശേരി പോലിസിനോടാവശ്യപ്പെട്ടു. സര്‍ക്കാര്‍ അനുവദിച്ച സൗകര്യം നിഷേധിക്കുന്ന ജിവനക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പോലിസിന് നിര്‍ദേശം നല്‍കി. ഇനിമുതല്‍ ബസ് സ്റ്റാന്റുകളില്‍ പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്താനും തീരുമാനമായി.
അതേ സമയം സംഭവത്തില്‍ പ്രതികരണവുമായിസിഗ്മ ബസ് ഡ്രൈവര്‍ നൗഷാദ് രംഗത്തെത്തി. കുട്ടികളെ മഴയത്ത് നിര്‍ത്തിയിട്ടില്ലെന്നും മഴ പെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ വെയിറ്റിങ് ഷെഡിലായിരുന്നുവെന്നും എല്ലാ യാത്രക്കാരേയും കയറ്റി അവസാനമാണ് കുട്ടികളെ കയറ്റാറുള്ളതെന്നും ഡ്രൈവര്‍ പ്രതികരിച്ചു. അനാവശ്യമായി ബസ് ജീവനക്കാരെ പഴിചാരുകയാണെന്നും നൌഷാദ് കൂട്ടിച്ചേര്‍ത്തു.