കോഴിക്കോട്: കേളപ്പജി വേണ്ട രീതിയില്‍ ആദരിക്കാന്‍ മറന്നുപോയ നേതാവാണെന്നും പൊതുമാതൃകകള്‍ ഇല്ലാതാവുന്ന കാലത്ത് കേളപ്പജിയെ പോലുള്ള വ്യതിരിക്ത വ്യക്തിത്വങ്ങള്‍ ഓര്‍മിക്കപ്പെടേണ്ടതുണ്ടെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ പറഞ്ഞു. കേളപ്പജിയുടെ 51ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധിഗൃഹത്തില്‍ ഗാന്ധിപീസ് ഫൗണ്ടേഷന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതമായ കുടുംബ പശ്ചാത്തലത്തില്‍ ജനിക്കുകയും മികച്ച വിദ്യാഭ്യാസം നേടുകയും ചെയ്ത അദ്ദേഹം അതെല്ലാം മാറ്റിവച്ച് പൊതുരംഗത്ത് ഇറങ്ങുകയും അടിയാള സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പൊരുതുകയും ചെയ്തു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒമ്പത് കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ ആ കുട്ടികളുമായി സ്‌കൂളിന് മുന്‍പില്‍ സമരം നടത്തുകയും ഒന്‍പതാം ദിവസം ആയപ്പേഴേക്കും നാട്ടുകാരും സമരത്തിന് പിന്തുണ നല്‍കുകയും ഗത്യന്തരമില്ലാതെ സ്‌കൂള്‍ മനേജര്‍ക്ക് അഡ്മിഷന്‍ നല്‍കേണ്ടിയും വന്നു.
താന്‍ രചിച്ച തക്ഷന്‍കുന്ന് സ്വരൂപത്തിലെ മുഖ്യകഥാപാത്രമായി കേളപ്പജി രൂപാന്തരം പ്രാപിക്കുന്നതാണ് ഈ നോവലിനെ ജനപ്രിയമാക്കിയത്. മറ്റ് പലര്‍ക്കും അറിയാത്ത കേളപ്പജിയാണ് ഇതിലുള്ളത്. അദ്ദേഹത്തിന്റെ ജീവചരിത്രവുമായി അത്രത്തോളം ബന്ധം നോവലിലെ കഥാപാത്രത്തിനില്ല. പൊതുസമൂഹത്തിന് അറിയാത്ത കഥകള്‍ അവതരിപ്പിക്കണമെന്ന കാഴ്ചപ്പാടോടെയാണ് കഥാരചന നിര്‍വഹിച്ചിട്ടുള്ളത്. അദ്ദേഹം കോഴിക്കോട് ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായിരുന്നത് 1938-40 കാലത്താണ്. ഈ രണ്ട് വര്‍ഷംകൊണ്ടാണ് കോരപ്പുഴ പാലമടക്കമുള്ള രണ്ട് പാലങ്ങള്‍ നിര്‍മിക്കപ്പെട്ടത്. ഇത് മലബാറിന്റെ വളര്‍ച്ചയില്‍ വലിയ നാഴികകല്ലായി മാറി.
കോരപ്പുഴ പാലത്തിന്റെ ഉദ്ഘാടനവും ശ്രദ്ധേയമായിരുന്നു. അന്ന് ഗവര്‍ണറടക്കമുള്ളവരെ ഉദ്ഘാടനത്തിന് ലഭിക്കുമെന്നിരിക്കെ ലളിതമായി ഉദ്ഘാടനം നടത്തുകയും നേട്ടം ആഘോഷമാക്കാത്ത അദ്ദേഹത്തിന്റെ ശൈലി ഏവര്‍ക്കും മാതൃകയാണ്. അദ്ദേഹം കവി, കഥാകൃത്ത്, പ്രഭാഷകന്‍ എന്നിവയെല്ലാമായിരുന്നു. എന്‍.എസ്.എസിന്റെ ഭരണഘടന തയ്യാറാക്കിയപ്പോള്‍ ജാതി-മതഭേദമില്ലാതെ അംഗത്വം നല്‍കണമെന്ന് എഴുതിവച്ച മഹാപുരുഷനാണ് കേളപ്പജി.
അദ്ദേഹം ധീരനും കൂസലില്ലാത്തവനുമായിരുന്നു. പണ്ഡിറ്റ് നെഹ്രു, ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്ത് കത്തയച്ചപ്പോള്‍ ഇത്തരം പദവികള്‍ സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് എളിമയായി അറിയിക്കുന്നുവെന്ന് മറുപടിയയച്ച മഹാനാണദ്ദേഹം. കേളപ്പജിയെ സമൂഹം വേണ്ട അര്‍ഥത്തില്‍ അടയാളപ്പെടുത്തിയിട്ടില്ല. ജന്മനാട്ടില്‍ സ്ഥാപിച്ച കോളേജിന് അദ്ദേഹത്തിന്റെ പേരിടാന്‍ തീരുമാനം വന്നെങ്കിലും അവസാന നിമിഷം തഴഞ്ഞു. അദ്ദേഹം പലരീതിയിലും തഴയപ്പെട്ടിട്ടുണ്ട്. കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേരുള്ള ബോര്‍ഡ് വയ്ക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കവി പി.പി ശ്രീധരനുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. ഒ.ജെ ചിന്നമ്മ ‘കാഹളം’ കവിത അവതരിപ്പിച്ചു. ഇയ്യച്ചേരി പത്മിനി, പി.പി ഉണ്ണികൃഷ്ണന്‍, സി.പി കുമാരന്‍ സംസാരിച്ചു. പാക്കനാര്‍പുരം ശ്രദ്ധാനന്ദ വിദ്യാലയത്തെക്കുറിച്ച് സ്വാതി വിപിന്‍രാജ് സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദര്‍പ്പിച്ചു. സെക്രട്ടറി യു. രാമചന്ദ്രന്‍ സ്വാഗതവും കേരള സര്‍വ്വോദയ മണ്ഡലം ജില്ലാ സെക്രട്ടറി പി.ശിവാനന്ദന്‍ നന്ദിയും പറഞ്ഞു.