മാഹി: വളവില്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രസന്നിധിക്ക് താളമേളങ്ങളുടെ വിസ്മയാനുഭൂതി പകര്‍ന്ന്
40 പേര്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍, അത് തീരദേശ ഗ്രാമത്തെയാകെ താളലയങ്ങളുടെ വിസ്മയലോകത്തിലേക്കെത്തിച്ചു. ക്ഷേത്രത്തിന് തന്നെ മറ്റൊരുത്സവമായി മാറിയ ചെണ്ടമേളവും, പാണ്ടിമേളവും, ചെമ്പട മേളവും, പഞ്ചാരിമേളവും കാണാനും ആസ്വദിക്കാനും നൂറുകണക്കിനാളുകളാണ് എത്തിയത്. പിഴയ്ക്കാത്ത താളവും, പതറാത്ത ചുവടുകളും, ചടുലമായ മെയ്മുറകളും സമന്വയിച്ച അരങ്ങേറ്റകലാശത്തില്‍ താളം മുറുകിയപ്പോള്‍ ഇടിമിന്നലോടു കൂടിയ പെരുമഴ പോലെ 40 പേരും തകര്‍ത്താടുകയായിരുന്നു. ബാലുശ്ശേരി സത്യന്‍ ഗുരുക്കള്‍,രാജേഷ് കുരിയാടി, സനൂപ് കുരിയാടി എന്നിവരുടെ ശിക്ഷണത്തിലുള്ള രണ്ടാമത്തെ ബാച്ചാണ് ഇവിടെ പരിശീലനം പൂര്‍ത്തിയാക്കിയത്. ക്ഷേത്രാഘോഷവേളകളിലും പൊതുചടങ്ങുകളിലും വിവിധ ചെണ്ടമേളങ്ങള്‍ അവതരിപ്പിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് രഞ്ജിത്ത് പാറമേല്‍ പറഞ്ഞു.ആനന്ദ് വളവില്‍, രാജേഷ് പാറമേല്‍, മനോജ് മള്ളായി എന്നിവര്‍ മൂന്നര മാസം മുറതെറ്റാതെ നടന്ന പരിശീലനക്കളരിക്ക് നേതൃത്വം നല്‍കി.