കോഴിക്കോട്: അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി തുടരുന്നു. റാലിക്ക് യുവാക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണെന്ന് മേജര്‍ ജനറല്‍ പി.രമേശ് (വി.എസ്.എം അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍, കേരള , കര്‍ണ്ണാടക ) പറഞ്ഞു. കോഴിക്കോട് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഗ്രൗണ്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്കായാണ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഗ്രൗണ്ടില്‍ അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കുന്നത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ നിന്നായി 20,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനകം 13,116 പേര്‍ റാലിയില്‍ പങ്കെടുത്തു. 705 പേര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് നേടി. 624 പേരെ മെഡിക്കല്‍ റിവ്യൂ ചെയ്യുന്നതിനായി അയക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഏറ്റവും സുതാര്യവും വസ്തുനിഷ്ഠവുമായ രീതിയിലാണ് അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് നടത്തുന്നത്.
കഴിവുള്ള ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്. റിക്രൂട്ട്‌മെന്റ് റാലിയുമായി ബന്ധപ്പെട്ട് ഏജന്റുമാരൊന്നും നിലവിലില്ല. ഏജന്റുമാരുടെ ചതിക്കുഴികളില്‍ ഉദ്യോഗാര്‍ഥികള്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെന്റ് റാലിയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എഴുത്തു പരീക്ഷ നടത്തും. പോലിസ് വെരിഫിക്കേഷനുശേഷം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2023 മാര്‍ച്ചോടെ പരിശീലനം ആരംഭിക്കും. രാജ്യത്താകെ നാല്‍പതിനായിരത്തോളം ഉദ്യോഗാര്‍ഥികളെയാണ് അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലിയിലൂടെ തിരഞ്ഞെടുക്കുക.
സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലേക്കുള്ള റിക്രൂട്ട്മെന്റ് നവംബര്‍ രണ്ടാംവാരം കൊല്ലത്ത് നടക്കും. നഴ്‌സിങ് അസിസ്റ്റന്റ്, വെറ്ററിനറി നഴ്‌സിങ് അസിസ്റ്റന്റ്, മത പഠന അധ്യാപകര്‍ എന്നിവര്‍ക്കുള്ള റിക്രൂട്ട്മെന്റും ഇവിടെ നടക്കും. കേരളം, കര്‍ണാടക, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വനിതകള്‍ക്ക് നവംബര്‍ ആദ്യവാരം ബംഗളൂരുവിലാണ് റിക്രൂട്ട്മെന്റ് റാലി. പതിനൊന്നായിരത്തോളം യുവതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടു വര്‍ഷം റിക്രൂട്ട്മെന്റ് റാലികള്‍ നടക്കാതിരുന്ന സാഹചര്യത്തില്‍ ഇത്തവണ പ്രായപരിധിയില്‍ രണ്ട് വര്‍ഷത്തെ ഇളവ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 10 വരെയാണ് വടക്കന്‍ കേരളത്തിലെ റിക്രൂട്ട്മെന്റ്. പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി, ആര്‍മി റിക്രൂട്ടിങ് ഡയരക്ടര്‍ കേണല്‍ പി.എച്ച് മഹാഷബ്ദെ, ഡിഫന്‍സ് പി.ആര്‍.ഒ അതുല്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.