- മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം സഹായധനം
ന്യൂഡല്‍ഹി: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും സഹായധനം നല്‍കും. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അനുശോചിച്ചു.
ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരില്‍ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെ.എസ്.ആര്‍.ടി.സി യാത്രക്കാരും ഉള്‍പ്പെടുന്നു.
എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ രാത്രി 11.30നു ആയിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.