കോഴിക്കോട്: മലബാറിലെ ടെക്കികളെ കൂടുതലായി റിക്രൂട്ട് ചെയ്യുന്നതിന് ശ്രദ്ധ നല്‍കിക്കൊണ്ട് ആഗോള ക്ലയന്റ്-ബേസ് ഉള്ള ഒരു ഇ.ആര്‍.പി സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് കമ്പനി വടക്കന്‍ കേരളത്തിലേക്കെത്തുന്നു. കൊച്ചിയില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ച് ഇന്ന് ആഗോളതലത്തില്‍ സാന്നിധ്യമായി വളര്‍ന്ന ട്രാനീടെക് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് കോഴിക്കോട്ടെ യു.എല്‍ സൈബര്‍പാര്‍ക്കിലെത്തിയിരിക്കുന്നത്. നിലവില്‍ 2,500 ചതുരശ്ര അടി സ്ഥലമാണ് ട്രാനീടെക് യു.എല്‍ സൈബര്‍പാര്‍ക്കില്‍ എടുത്തിരിക്കുന്നത്. ഏകദേശം 60 ജീവനക്കാര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ കഴിയും. ഐ.ടി ടാലന്റുകളെ തേടി പ്രാദേശിക തൊഴില്‍ വിപണിയിലേക്കെത്തുകയാണ് കമ്പനി. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ യു.എല്‍ സൈബര്‍പാര്‍ക്കിലെ ഇടം വിപുലീകരിക്കാനും അവര്‍ ഉദ്ദേശിക്കുന്നുണ്ട്.
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് 2022 ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച യു.എല്‍ സൈബര്‍പാര്‍ക്കില്‍ ട്രാനീടെക് സോഫ്റ്റ്‌വെയറിന്റെ പുതിയ റീജ്യണല്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, റഫീഖ് കായനയില്‍, ട്രാനീടെക് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് ചെയര്‍മാന്‍, രമേശന്‍ പാലേരി, ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍, അഡ്വ. പി.എം സുരേഷ് ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഐ.എസ്.ഒ-സര്‍ട്ടിഫൈഡ് ആയ അഡ്വാന്‍സ്ഡ് ഇ.ആര്‍.പി സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍ കമ്പനിയാണ് ട്രാനീടെക്. 2011ല്‍ ചെയര്‍മാനായ റഫീഖ് കായനയില്‍ കൊച്ചിയില്‍ ആരംഭിച്ചതാണ് കമ്പനി. ബ്രാന്‍ഡുകള്‍ സ്ഥാപിക്കുന്നതിനും അവരുടെ ബിസിനസ്സ് പുനര്‍നിര്‍മിക്കുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകള്‍ നല്‍കുന്ന ഫലപ്രദമായ ഡിജിറ്റല്‍ പരിഹാരങ്ങള്‍ നല്‍കിക്കൊണ്ട് ആഗോള കമ്പനികളുമായി ചേര്‍ന്ന് ട്രാനീടെക് പ്രവര്‍ത്തിക്കുന്നു. ട്രാനീടെക് ബിസിനസ്സുകള്‍ക്ക് വിപുലമായ ഇ.ആര്‍.പി (എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിങ്) സോഫ്റ്റ്‌വെയര്‍ നല്‍കുന്നു. അതുപോലെ തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് & വെബ്‌സൈറ്റ് സേവനങ്ങളും.
2015ല്‍ കോര്‍പ്പറേറ്റ് ഓഫിസ് യു.എ.ഇയിലെ അബുദാബിയിലേക്ക് മാറ്റി. ഇപ്പോള്‍ ആഗോള ആസ്ഥാനം അമേരിക്കയിലെ ഷെറിഡനിലാണ്. റീജ്യണല്‍ ഓഫിസുകള്‍ ഗുജറാത്തിലും ചെന്നൈയിലും ഇപ്പോള്‍ കോഴിക്കോടുമുണ്ട്. സെയില്‍സ് ഹബ്ബ് ദുബായിലും ഉണ്ട്. റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ്/ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, ക്ലബ് മാനേജ്‌മെന്റ്, മാനുഫാക്ചറിങ്, മെയിന്റനന്‍സ് എന്നിവയുള്‍പ്പെടെ വിവിധ വ്യവസായങ്ങള്‍ക്കായി ‘ഈക്വല്‍’ എന്ന പേരില്‍ ട്രാനീടെക് അവരുടെ സ്വന്തം ഇ.ആര്‍.പി സോഫ്റ്റ്‌വെര്‍ സ്യൂട്ട് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കമ്പനിയുടെ തുടക്കം മുതല്‍ ക്രമേണയായി ജീവനക്കാരുടെ എണ്ണം 12ല്‍ നിന്ന് 80ലധികം ജീവനക്കാരായി ഉയര്‍ത്തി. പുതിയ ഘട്ടത്തില്‍, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യു.കെ, കാനഡ, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്ക് ക്ലയന്റ് ബേസ് വര്‍ദ്ധിപ്പിക്കുന്നതിലും ട്രാനീടെക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.