മാണ്ഡ്യ (കര്‍ണാടക): ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ നിന്നാണ് സോണിയാ ഗാന്ധി യാത്രയുടെ ഭാഗമായത്. രാവിലെ 6.30ന് പാണ്ഡവപുരത്തുനിന്ന് ആരംഭിച്ച കാല്‍നട യാത്രയില്‍ ജഹനഹള്ളിയില്‍ നിന്നാണ് സോണിയ പങ്കെടുത്തത്. വൈകിട്ട് 6.30ന് നാഗമംഗള താലൂക്കില്‍ യാത്ര സമാപിക്കും.
ബ്രഹ്‌മദേവരഹള്ളി വില്ലേജില്‍ നടക്കുന്ന യോഗത്തിലും സോണിയ പങ്കെടുക്കും. വൈദ്യപരിശോധനക്കായി വിദേശത്തായിരുന്ന സോണിയ ഗാന്ധി ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.
കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 150 ദിവസം കൊണ്ട് 3570 കി.മീറ്റര്‍ പൂര്‍ത്തിയാക്കി ജമ്മുകശ്മീരില്‍ സമാപിക്കും.