ന്യൂഡല്‍ഹി: പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരേ ശശി തരൂര്‍ നടുത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ക്കെതിരേ കടുത്ത എതിര്‍പ്പാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഉയര്‍ത്തിയത്. ദേശീയ നേതൃത്വത്തിനെതിരേ തരൂര്‍ പരസ്യവിമര്‍ശനം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. എന്നാല്‍, ഇതുവരെ ആരും തരൂരിനെതിരെ പരാതി നല്‍കിയിട്ടില്ലെന്നും മധുസൂദന്‍ മിസ്ത്രി പറഞ്ഞു.
മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് പരസ്യ പിന്തുണ നല്‍കുന്ന സീനിയര്‍ നേതാക്കളുടെ നടപടിയില്‍ തരൂര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും തരൂര്‍ പറഞ്ഞിരുന്നു. പി.സി.സികള്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിക്കുന്ന രീതി സ്വതന്ത്രമായ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.