കോഴിക്കോട്: അത്തോളി രാജീവ് ദര്‍ശന്‍ ട്രസ്റ്റ് ഫുട്‌ബോള്‍ പരിശീലനത്തിനായി പ്രകൃതിദത്ത കളിക്കളം ഒരുക്കുന്നു. ആര്‍.വൈ.ബി-അരീന ഫുട്‌ബോള്‍ ഗ്രൗണ്ട് എന്ന പേരില്‍ തയ്യാറാക്കുന്ന ഗ്രൗണ്ടിന്റെ പ്രവൃത്തി ഉദ്ഘാടനം തറക്കല്ലിട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ നിര്‍വഹിച്ചു. ചോയികുളം പണ്ടാര വളപ്പില്‍ 75 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമായാണ് ഗ്രൗണ്ടിന്റെ പണി പൂര്‍ത്തി കരിക്കുക. ഒന്നര മാസത്തിനകം ഇത് കളിക്കാര്‍ക്കായി വിട്ടു നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു. ട്രസ്റ്റ് ചെയര്‍ സുനില്‍ കൊളക്കാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കല്‍, പഞ്ചായത്ത് അംഗങ്ങളായ സി.കെ രജിത് കുമാര്‍, ബിന്ദു രാജന്‍, സുനീഷ് നടുവിലയില്‍, റസിയ തട്ടാരിയില്‍, ഫൗസിയ ഉസ്മാന്‍, ശാന്തി മാവീട്ടില്‍, സി.കെ റിജേഷ്, വാസവന്‍ പൊയിലില്‍, പി.എം രമ, ഷിജു തയ്യില്‍, സ്ഥലം വിട്ടു നല്‍കിയ കെ.എ.കെ ഷമീര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
2012ലാണ് ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രാജീവ് ദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കിയത്. കലാ സാംസ്‌കാരിക കായിക രംഗത്ത് പുതിയ തലമുറയ്ക്ക് മാര്‍ഗദര്‍ശിയാകുകയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. 2007 ഏപ്രില്‍ ഒന്നിന് രാജീവ് യൂത്ത് ബ്രിഗേഡ് ഫുട്‌ബോള്‍ അക്കാദമി (ആര്‍.വൈ.ബി) ആരംഭിച്ചു. പറക്കുളം വയലില്‍ ആരംഭിച്ച ഫുട്‌ബോള്‍ പരിശീലനത്തിലൂടെ നിരവധി കായിക താരങ്ങളെ കണ്ടെത്തി. ഇതിനിടയിലാണ് സ്വന്തമായി നാച്ച്വറല്‍ കളിക്കളം ആവിശ്യം ഉയര്‍ന്നത്. തുടര്‍ന്ന് ചോയികുളത്ത് പണ്ടാര പറമ്പില്‍ കളിക്കളത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയായിരുന്നുവെന്ന് ആര്‍.വൈ.ബി അക്കാദമി ഡയരക്ടര്‍ ജൈസല്‍ കമ്മോട്ടില്‍ പറഞ്ഞു. ഗ്രൗണ്ടിന് 25 ലക്ഷം രൂപ ചിലവു പ്രതീക്ഷിക്കുന്നുണ്ട്. വിശാലമായ ഈ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഫെന്‍സിങ് , ഫ്‌ലഡ് ലിറ്റ് , ഡ്രസിങ് റൂം, ടോയിലറ്റ്, പാര്‍ക്കിങ് എന്നീ സൗകര്യങ്ങളൊരുക്കും. ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളുടേയും സുമനസ്സുകളുടേയും സഹായത്തോടെയാണ് ഗ്രൗണ്ട് ഒരുക്കുന്നത്. സാധാരണ മണ്ണ് ഗ്രൗണ്ടായതിനാല്‍ പരിശീലനം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കും. ഈ ഗ്രൗണ്ട് യാഥാര്‍ഥ്യമാകുന്നതോടെ മറ്റ് ക്ലബുകള്‍ക്കും കളിക്കാര്‍ക്കും മിതമായ നിരക്കില്‍ വാടകയ്ക്ക് നല്‍കാനും തീരുമാനിച്ചതായി ജൈസല്‍ കമ്മോട്ടില്‍ അറിയിച്ചു.