തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോട് തനിക്ക് യോജിപ്പുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല. അദ്ദേഹം വളര്‍ന്നുവന്ന സാഹചര്യം അതാണ്. എനിക്ക് അദ്ദേഹത്തോട് സ്‌നേഹം മാത്രമാണ് ഉള്ളത്. എന്നാല്‍, എന്റെ വോട്ട് ഖാര്‍ഗെയ്ക്കാണെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയോ വിമത സ്ഥാനാര്‍ഥിയോ ഇല്ല. അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം. ഖാര്‍ഗെയുടെ പ്രായം ഒരു പ്രശ്‌നമല്ല. മനസ് എത്തുന്നിടത്ത് ശരീരം എത്തിയാല്‍ പ്രായം ഒരു ഘടകമല്ല. രാജസ്ഥാനിലെ പൊട്ടിത്തെറി ഒഴിവാക്കിയത് ഖാര്‍ഗെ ആണ്. താഴെ തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവ് ആണ് ഖാര്‍ഗെയെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഞാന്‍ എ.ഐ.സി.സി പ്രസിഡന്റാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തരൂരിനോട് അസൂയയില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.