തൃശൂര്‍: കേരളത്തിന്റെ സമ്പദ്ഘടന പിടിച്ചു നിര്‍ത്തിയതിലും ഇന്ന് കാണുന്ന ഗള്‍ഫിലെ പുരോഗതി കൈവരിച്ചതിലും പ്രവാസികളായ പത്തേമാരി യാത്രക്കാര്‍ക്ക് മുഖ്യപങ്കുണ്ടെന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അഭിപ്രായപ്പെട്ടു. പത്തേമാരി പ്രവാസി സമിതി സംഘടിപ്പിച്ച വെബ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു.
ലോക കേരള സഭാ മെമ്പര്‍ പി.കെ കബീര്‍ സലാല മുഖ്യാതിഥിയായിരുന്നു. പ്രവാസി എഴുത്തുകാരന്‍ ഷെരീഫ് ഇബ്രാഹിം വിഷയാവതരണം നടത്തി. സീസണില്‍ വിമാനയാത്രക്കൂലി വര്‍ധിപ്പിക്കാതിരിക്കാനും വിമാന ടിക്കറ്റിന് വര്‍ധനവ് ഇല്ലാതിരിക്കാനും പ്രവാസികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഗള്‍ഫിലേക്ക് യാത്ര ചെയ്യാനും നൂതനമായ കപ്പല്‍ യാത്ര ആരംഭിക്കണമെന്ന് പത്തേമാരി പ്രവാസി സമിതി സംഘടിപ്പിച്ച പത്തേമാരി യാത്രക്കാരുടെ സംഗമം അധികൃതരോട് ആവശ്യപ്പെട്ടു. ഗള്‍ഫാര്‍ മുഹമ്മദാലിയും ലുലു എം.എ അഷറഫലിയും ചര്‍ച്ചയില്‍ പങ്കെടുത്തു. പത്തേമാരി സെക്രട്ടറി അനസ്ബി സ്വാഗതവും ട്രഷറര്‍ ഷെഫീര്‍ ഷരീഫ് നന്ദിയും പറഞ്ഞു.