ലാഭക്കൊതിയന്മാര്‍ നദികളെ ഇല്ലാതാക്കുന്നതിനെതിരേ ശബ്ദമുയര്‍ത്തണം: മേധാ പട്കര്‍

ലാഭക്കൊതിയന്മാര്‍ നദികളെ ഇല്ലാതാക്കുന്നതിനെതിരേ ശബ്ദമുയര്‍ത്തണം: മേധാ പട്കര്‍

മാഹി: വ്യവസായവല്‍ക്കരണത്തിന്റേയും മാഫിയയുടെ ലാഭക്കൊതിയുടേയും പരിണിത ഫലമായി പ്രകൃതിയെ, വിശേഷിച്ച് ജലസ്രോതസ്സുകളെ വ്യപകമായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മാലിന്യം കൊണ്ടും കൈയ്യേറ്റങ്ങളാലും പുഴകള്‍ ശ്വാസം മുട്ടുകയാണെന്ന് മാഹിയില്‍ നദീ ദ്വൈവാരാചരണ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു. രണ്ടാഴ്ച്ച നീണ്ട് നിന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്കാണ് പ്രൊഫ. എസ്.സീതാരാമന്‍ നഗറില്‍ (മാഹി ഇ.വത്സരാജ് ജൂബിലി ഹാള്‍) പരിസമാപ്തി കുറിച്ചത്.

‘തെളിനീര്‍ ഒഴുകും മയ്യഴിപ്പുഴ: ഒരു ജനകീയ പദ്ധതി’ എന്ന ബൃഹത്തായ കാഴ്ചപ്പാടിന്റെ ഭാഗമായി, ഹരിത ക്ലാസ് മുറികളിലൂടെ ഹരിത ഭവനം പദ്ധതി മേധാ പട്കര്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഈ പദ്ധതി പൈലറ്റ് ആയി നടപ്പിലാക്കുന്ന പാനൂര്‍ മുനിസിപ്പാലിറ്റിക്ക് പദ്ധതി മേല്‍നോട്ടവും കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് പദ്ധതി നടത്തിപ്പ് ചുമതലയും മേധാ പട്കര്‍ പ്രതീകാത്മമായി നല്‍കിയ ചുമതല പത്രം, പാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.നാസര്‍ മാസ്റ്റര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.വി ധന്യ, പ്രധാനധ്യാപിക രജനി ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പദ്ധതി വിശദീകരണം മയ്യഴിപ്പുഴ സംരക്ഷണ സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ഷൗക്കത്ത് അലി എരോത്ത് നടത്തി. പഠന റിപോര്‍ട്ട് മയ്യഴിപ്പുഴ സമിതി പഠനവിഭാഗം സെക്രട്ടറി ഡോ പി.ദിലീപ് കോട്ടേമ്പ്രം മേധക്ക് സമര്‍പ്പിച്ചു. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ അസീസ് മാഹിയെ മേധാ പട്കര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ആശ്രയ വിമന്‍സ് കോ-ഓപ്പ് സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തിയ വരവര്‍ണപുഴകള്‍ എന്ന ചിത്ര രചനാ മത്സരത്തിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
പാണ്ടന്‍പാറ സംരക്ഷണ സന്ദേശയാത്ര ഉദ്ഘാടനമായി ചടങ്ങിന് മുമ്പ് കോപ്പറേറ്റീവ് ബി.എഡ് കോളേജില്‍ തൈ നട്ടിരുന്നു. ചടങ്ങില്‍ വെച്ച് ഫലവൃക്ഷതൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. കവ്വായ് പുഴയുടെ ഡോക്യൂമെന്ററി സംവിധായകന്‍ കൃഷണ ദാസ് പാലേരി മേധക്ക് കവ്വായ് പുഴ ചിത്രം ഉപഹാരമായി നല്‍കി.

പുഴമലിനീകരണത്തിന് എതിരേ നടന്ന വിളംബര യാത്രയിലെ തെരുവ് നാടകം അവതരിപ്പിച്ചു. യദു കൃഷ്ണന്‍ സംവിധാനം ചെയ്ത് ദിവിത കെ.വി ഏകോപനം നടത്തിയ നാടകം ന്യൂ മാഹി കുറിച്ചിയില്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. ചടങ്ങിന് ശേഷം നദീ ദ്വൈവാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന പുസ്തകോത്സവവും ചിത്ര പ്രദര്‍ശനവും നടക്കുന്ന മാഹി ഗവ എല്‍.പി സ്‌കൂള്‍ മേധാ പട്കറും സംഘവും സന്ദര്‍ശിച്ചു. പുസ്തകോത്സവ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.എം സന്തോഷ് അഴിയൂരും കണ്‍വീനര്‍ പ്രമോദും ചേര്‍ന്ന് സ്വീകരിച്ചു.

കേരള നദീ സംരക്ഷണ സമിതി പ്രസിഡന്റ് എസ്.പി രവി അധ്യക്ഷനായ ചടങ്ങില്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്ത് മുഖ്യാതിഥിയായി. മാഹി ലയണ്‍സ് ക്ലബ് പ്രതിനിധി സജിത്ത് നാരായണന്‍, സി.ആര്‍ നീലകണ്ഠന്‍, വി.നാസര്‍ മാസ്റ്റര്‍, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.പദ്മിനി ടീച്ചര്‍, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, ശരത് ചേലൂര്‍, വേണു വാരിയത്ത്, ടി.എന്‍ പ്രതാപന്‍, കെ.ഭരതന്‍, പി.കെ രാജന്‍, ഇ.കെ സുരേഷ് കുമാര്‍, കെ.ഇ സുലോചന പ്രസംഗിച്ചു. ഡോ. എം.കെ മധുസൂദനന്‍ ഏകോപനം നടത്തിയ ചടങ്ങില്‍ ട്രഷറര്‍ ദേവദാസ് മത്തത്ത് സ്വാഗതവും കേരള നദീ സംരക്ഷണ സമിതി വൈസ് ചെയര്‍ പേഴ്സണ്‍ സി.കെ രാജലക്ഷ്മി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *