കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലാ പോലിസ് മേധാവിയാണ് ഷിഹാബിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ കേരള പോലിസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ ഇടുക്കി ജില്ലാ പോലിസ് മേധാവി വി.യു കുര്യാക്കോസിന്റെ ഉത്തരവില്‍ പറയുന്നു. മാമ്പഴം മോഷ്ടിച്ച ദൃശ്യങ്ങള്‍ പുറത്തു വരികയും പോലിസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയിരുന്നു.
സെപ്തംബര്‍ മുപ്പത് ഞായറാഴ്ച പുലര്‍ച്ചെയാണ് മാമ്പഴം മോഷണം പോയത്. മോഷണത്തിന്റ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇടുക്കി ജില്ലാ പോലിസ് ആസ്ഥാനത്തെ സിവില്‍ പോലിസ് ഓഫിസറായ പി.വി ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കാഞ്ഞിരപ്പള്ളി പോലിസ് കേസെടുത്തിരുന്നത്.
വഴിയിരകില്‍ പ്രവര്‍ത്തിക്കുന്ന കടയിലേക്ക് എത്തിയ പോലിസുകാരന്‍ പരിസരത്തൊന്നും ആരുമില്ല എന്നൊന്നും ഉറപ്പാക്കിയ ശേഷമാണ് ആറായിരം രൂപയോളം വിലയുള്ള മാമ്പഴം എടുത്തത്. എന്നാല്‍ കടയുടെ മുകളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ ഇദ്ദേഹം കണ്ടിരുന്നില്ല. ജനറല്‍ ആശുപത്രിയിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പോലിസുകാരന്‍ എന്നാണ് വിവരം. ഇയാള്‍ക്കെതിരെ നേരത്തേയും സമാനമായ രീതിയിലുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പല കേസുകളിലും പ്രതിയാണെന്നുമാണ് സൂചന.