മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് ലഹരിക്കടത്ത്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് പഴങ്ങള്‍ ഇറക്കുമതി ചെയ്തത്. 1476 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് പിടികൂടിയത്. സംഭവത്തില്‍ മലയാളിയെ പിടികൂടി. മുംബൈ വാസിയിലെ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടറും എറണാകുളം കാലടി സ്വദേശിയുമായ വിജിന്‍ വര്‍ഗീസിനെയാണ് ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂറിനായി അന്വേഷണം ആരംഭിച്ചു.
ഡി.ആര്‍.ഐ പിടികൂടിയ രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്താണിതെന്ന് അധികൃതര്‍ അറിയിച്ചു. ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് 198 കി.ഗ്രാം മെത്താഫെറ്റാമിനും ഒന്‍പത് കി.ഗ്രാം കൊക്കെയ്‌നുമാണ് ഇവര്‍ മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയത്. ഇവ ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്സ്പോര്‍ട്സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂര്‍ ആണ് പഴം ഇറക്കുമതിയില്‍ വിജിന്റെ പങ്കാളി. വലന്‍സിയ ഓറഞ്ച് നിറച്ച പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് ഡി.ആര്‍.ഐ അറിയിച്ചു.