തിരുവനന്തപുരം: തന്റെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിത്വത്തില്‍ ഏറ്റവും എതിര്‍ത്തത് കേരളത്തില്‍ നിന്നുള്ള നേതാക്കളാണെന്ന് ശശി തരൂര്‍. മലയാള ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പറഞ്ഞത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍നിന്ന് തന്നെ പിന്തിരിപ്പിക്കണമെന്ന് കേരള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെന്ന് കഴിഞ്ഞ ദിവസം തരൂര്‍ പറഞ്ഞിരുന്നു.
മറ്റൊരാളെ ചവിട്ടി താഴ്ത്തി വളര്‍ന്ന നേതാവല്ല താനെന്നും കെ.സി വേണുഗോപാല്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് മാധ്യമങ്ങളില്‍ നിന്നുള്ള അറിവ് മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്നും തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് ഇറക്കിയ തെരഞ്ഞെടുപ്പ് മാര്‍ഗരേഖ ലംഘിച്ച് പി.സി.സികളും നേതാക്കളും പെരുമാറുന്നതിനെപ്പറ്റിയുള്ള പരാതി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞുവെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു പി.സി.സിയും നേതാവും ഒരു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം പാടില്ലെന്ന് നിര്‍ദേശമുണ്ടെന്നും ഇത് ലംഘിക്കപ്പെടുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.