ഹൈദരബാദ്: തെലങ്കാന രാഷ്ട്രസമിതി എന്ന ടി.ആര്‍.എസ് ഇനി മുതല്‍ ഭാരത് രാഷ്ട്രസമിതി എന്ന ബി.ആര്‍.എസ് ആയി അറിയപ്പെടും. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായാണ് പാര്‍ട്ടിയുടെ പേര് മാറ്റിയത്.
2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ബദല്‍ എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനാണ് പുതിയ പാര്‍ട്ടിയിലൂടെ ചന്ദ്രശേഖര്‍ റാവു ലക്ഷ്യമിടുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ചന്ദ്രശേഖര്‍ റാവു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, എന്‍.സി.പി നേതാവ് ശരത് പവാര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.