കോഴിക്കോട്: തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ബഹു. മാര്‍ ജോസഫ് പാംപ്ലാനി മര്‍കസിലെത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച്ച നടത്തി. നിലവിലെ സാമൂഹ്യ സാഹചര്യത്തെയും ഇരു മതങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു. വ്യത്യസ്ത സാമുദായിക പശ്ചാത്തലത്തില്‍ നിന്നുള്ളവരുടെ ഇത്തരം കൂടിക്കാഴ്ചകള്‍ സമൂഹത്തിന് നല്ല സന്ദേശം നല്‍കുമെന്നും അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ തടയിടാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഐക്യവും നന്മയും കൂടുതല്‍ സജീവമാക്കാന്‍ വിവിധ ഉദ്യമങ്ങള്‍ക്ക് തുടക്കമിടുമെന്നും ഇരുവരും പ്രസ്താവിച്ചു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും സന്നിഹിതനായിരുന്നു. മര്‍കസ് നോളേജ് സിറ്റിയില്‍ ഈ മാസം 17 മുതല്‍ 19 വരെ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നോടിയായി നടക്കുന്ന പ്രീസമ്മിറ്റ് ക്യാംപയിനില്‍ വൃക്ഷത്തൈ നട്ട് ബിഷപ്പ് പങ്കുചേര്‍ന്നു.