തലശ്ശേരി: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വസതി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിതരായ കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയുമുണ്ടായി.
കേരള രാഷ്ട്രീയത്തില്‍ വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ള നേതാക്കളില്‍ ഒരാളാണ് കോടിയേരി ബാലകൃഷ്ണന്‍ എന്നും സുന്നി പ്രസ്ഥാനം രാഷ്ട്രീയപരമായ ചില പ്രതിസന്ധികള്‍ അഭിമുഖീകരിച്ച സമയങ്ങളില്‍ അദ്ദേഹത്തിന്റെ പിന്തുണയും സാന്നിധ്യവും സഹായകമായിട്ടുണ്ടെന്നും കാന്തപുരം അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സുന്നി പ്രസ്ഥാനത്തിനുമിടയില്‍ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍പോലും അതൊന്നും തടസ്സമാവാതെ ആരോഗ്യപരമായ ബന്ധം അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചു. രാഷ്ട്രീയത്തിന് അതീതമായി എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും എല്ലാവര്‍ക്കും നന്മ ചെയ്യാനും അദ്ദേഹം മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചു എന്നും കാന്തപുരം പറഞ്ഞു.
മക്കളായ ബിനോയ്, ബിനീഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സന്നിഹിതരായിരുന്നു.