കൊച്ചി: പഴമയുടെ നല്ലോര്‍മകളെ വീണ്ടെടുത്ത് സഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ ‘ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം’ മെഗാ സംഗമം ഒമ്പതിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും. പൊതുജനങ്ങള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിക്കുന്ന ഈ വേറിട്ട പരിപാടി രണ്ടു മണിക്ക് ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളും ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
മനോഹരമായി തയാറാക്കിയ 101 ഊഞ്ഞാലുകളാണ് സംഗമത്തിന്റെ മുഖ്യ ആകര്‍ഷണം. പരമ്പരാഗത രീതിയില്‍ മരവും പ്രകൃതിദത്ത കയറും ഉപയോഗിച്ചാണ് സംഗമ വേദിയില്‍ ഇവ ഒരുക്കുന്നത്. പരമ്പരാഗത കലാരൂപമായ ചെണ്ടമേളവും നടക്കും. സംഗമത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം തീര്‍ത്തും സൗജന്യമാണ്.
‘ഊഞ്ഞാലാട്ടം പോലുള്ള കേരളീയ തനിമയുള്ള നാടന്‍ ആഘോഷരൂപങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയും ആധുനികതയില്‍ ആകൃഷ്ടരായ പുതുതലമുറയ്ക്ക് ഇവയുടെ തനിമ പരിചയപ്പെടുത്തുകയുമാണ് ഈ മെഗാ സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്’ സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് പറഞ്ഞു. ‘ഈ പരിപാടിയിലൂടെ പരമ്പരാഗത ആഘോഷരീതികളെ സംരക്ഷിക്കാനും ഒരുമയുടെ സന്ദേശം കൈമാറാനും കഴിയുമെന്നും’ അദ്ദേഹം പറഞ്ഞു. സംഗമത്തില്‍ സംഗീത മേളയും ഫോട്ടോ ബൂത്ത്, വെര്‍ച്വല്‍ റിലായിലിറ്റി എക്‌സ്പീരിയന്‍സ് കിയോസ്‌ക് എന്നിവയും ഉണ്ടാകും.