കോഴിക്കോട്: ഇന്ത്യ ഹിന്ദുരാജ്യമല്ലെന്നും ഇന്ത്യാരാജ്യമാണെന്നും പ്രഖ്യാപിച്ച ഗാന്ധിജിയുടെ രാഷ്ട്രവീക്ഷണം ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ഇ.അഹമ്മദെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം പറഞ്ഞു. ഇ. അഹമ്മദിന്റെ സ്മരണിക ‘ഇ.അഹമ്മദ് ‘ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിതവാദിയും മതേതരവാദിയും ദേശീയവാദിയുമായ നേതാവായിരുന്നു ഇ.അഹമ്മദ്.
മനുഷ്യത്വം, സ്‌നേഹം എന്നിവ അദ്ദേഹം ഉള്ളില്‍ സൂക്ഷിച്ചു. നിയമനിര്‍മാതാവ് എന്ന നിലയില്‍ ജനോപകാരമായ ഒട്ടനവധി നിയമനിര്‍മാണങ്ങളില്‍ സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. അരനൂറ്റാണ്ട് കാലത്തോളം ജനങ്ങള്‍ക്കായി നിയമനിര്‍മാണ രംഗത്ത് അദ്ദേഹം പ്രവര്‍ത്തിച്ചു. രാഷ്ട്രീയ സങ്കീര്‍ണതകളുള്ള കേരളത്തില്‍നിന്ന് തുടര്‍ച്ചയായി അദ്ദേഹം വിജയിച്ചതിന് പിന്നില്‍ ജനങ്ങളുടെ പിന്തുണ തന്നെയായിരുന്നെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍വച്ച് അദ്ദേഹവുമായി ദീര്‍ഘമായി സംസാരിക്കാനും അടുത്തിടപഴകാനും സാധിച്ചിട്ടുണ്ട്. അദ്ദേഹം നല്ല മതവിശ്വാസിയും പൂര്‍ണനായ മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വവുമായിരുന്നു.
ഇന്ന് ഇന്ത്യക്കാവശ്യം ഇത്തരം ജീവിതദര്‍ശനമാണ്. മതം ഒരു വ്യക്തിയുടെ നൈസര്‍ഗീകവും വ്യക്തിപരവുമാണ്. ഇന്ത്യയില്‍ ഒരു മുസ്ലിം എങ്ങനെ ജീവിച്ചുവെന്നതിന്റെ അര്‍ത്ഥഭേദങ്ങള്‍ നമുക്ക് അദ്ദേഹത്തിലൂടെ ദര്‍ശിക്കാനാകും. ഇന്ത്യയെക്കുറിച്ച് മുസ്ലിംകളുടെ വീക്ഷണമെന്താണെന്ന് ഇ.അഹമ്മദിലൂടെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ലോകത്ത് പലയിടങ്ങളിലേക്കും സഞ്ചരിക്കുമ്പോള്‍ അവിടെയുള്ളവര്‍ ചോദിക്കാറുണ്ട് ‘നിങ്ങള്‍ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ന്യൂനപക്ഷങ്ങളെയും പുറത്താക്കാന്‍ പോവുകയാണോയെന്ന്?’. അത്തരം ഒരു ചോദ്യമുണ്ടാക്കിയത് ഇന്ന് രാജ്യം ഭരിക്കുന്നവരാണ്. ഭൂരിപക്ഷ ജനത ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണമെന്ന ഗാന്ധിയന്‍ ചിന്തകള്‍ക്ക് വലിയ പ്രാധാന്യമാണ് ഇപ്പോഴുള്ളത്. ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ രാജ്യം വര്‍ഗീയതയിലേക്ക് പോകുന്നത് കണ്ട് അദ്ദേഹം ആശങ്കാകുലനായിട്ടുണ്ട്. താന്‍ പഠിച്ച ക്രൈസ്തവ മാനേജ്‌മെന്റിന്റെ സ്‌കൂളിലെ തന്റെ ക്ലാസിലെ ലീഡര്‍ എ.കെ മൂസ്സയായിരുന്നെന്നും സ്‌കൂള്‍ ലീഡറായി ഹെഡ്മാസ്റ്റര്‍ തിരഞ്ഞെടുത്തത് മറ്റൊരു മുസ്ലിം കുട്ടിയെയായിരുന്നു എന്നത് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നതായി ചിദംബരം പറഞ്ഞു.
കുട്ടിക്കാലത്ത് പെരുന്നാളും ദീപാവലിയുമടക്കമുള്ള ആഘോഷങ്ങള്‍ വിവിധ സമുദായങ്ങള്‍ പരസ്പരം പങ്കുവച്ചാണ് ആഘോഷിച്ചിരുന്നത്. ഇപ്പോള്‍ ഗുജറാത്തില്‍ ആഘോഷം കാണാനെത്തിയ ചെറുപ്പക്കാരനെ മര്‍ദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഭരണക്കൂടത്തില്‍ നിന്ന് പരക്കുന്ന വര്‍ഗീയ വിഷമാണ് ഇതിനെല്ലാം കാരണം. നാം നിശബ്ദരായി നിന്നാല്‍ വര്‍ഗീയ ശക്തികള്‍ രാജ്യം കീഴടക്കും. നാം യോജിച്ച് നിന്ന് പോരാടണം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മിതവാദവും ആധുനിക സ്വഭാവവുമുള്ള പുരോഗമന പ്രസ്ഥാനമാണ്. മുസ്ലിമായിരിക്കുക എന്നാല്‍ മതേതരവാദിയായിരിക്കുക എന്നതാണ് ഇ.അഹമ്മദില്‍നിന്ന് പഠിക്കാനുള്ള പാഠം. അഭിമാനിയായ കേരളീയനും അഭിമാനമുള്ള ഭാരതീയനുമായിരിക്കുകയും മലയാളത്തെ മോഹിക്കുകയും മറ്റുഭാഷകളെ സ്‌നേഹിക്കാനും നമുക്ക് സാധിക്കണം. വിദേശങ്ങളില്‍ കുടുങ്ങിയ നിരവധിപേരെ രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മനുഷ്യസ്‌നേഹത്തിന്റേയും വിവേകത്തിന്റേയും അടിച്ചമര്‍ത്തപ്പെട്ടവന്റേയും പ്രതീകമായി മാറിയ ഇ. അഹമ്മദിന്റെ സ്മരണകള്‍ എന്നും നിലനില്‍ക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പുസ്തകം ഏറ്റുവാങ്ങി. മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, പാണക്കാട് ബഷീറലി തങ്ങള്‍, എം.പി അബ്ദു സമദ് സമദാനി, തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍, പി.വി അബ്ദുള്‍ വഹാബ് എം.പി, വി.കെ ഇബ്രാഹിം കുഞ്ഞ്, റഹീസ് അഹമ്മദ്, ഉമ്മര്‍ പാണ്ടികശാല, എന്നിവര്‍ സംസാരിച്ചു. അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന ആലപിച്ചു. പുസ്തകത്തിന്റെ എഡിറ്റര്‍ സി.പി സൈതലവി പുസ്തകപരിചയം നടത്തി. അഡ്വ.പി.എം.എ സലാം സ്വാഗതവും എം.സി മായിന്‍ഹാജി നന്ദിയും പറഞ്ഞു.