ആവില മാതാവിന് തിരുനാള്‍: മയ്യഴിക്ക് ഇനി ഉത്സവ ലഹരി

ആവില മാതാവിന് തിരുനാള്‍: മയ്യഴിക്ക് ഇനി ഉത്സവ ലഹരി

മാഹി: നഗരസഭാ കാര്യാലയത്തില്‍ നിന്നുള്ള സൈറണും, പളളിയിലെ കൂട്ടമണികളുടെ നാദവും, കീര്‍ത്തനാലാപനവും മുഴങ്ങവെ ,നൂറു കണക്കിന് വിശ്വാസികള്‍ക്കിടയിലേക്ക് പള്ളി വികാരി ഫാദര്‍ വിന്‍സന്റ് പുളിക്കല്‍ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ അഭൗമ സൗന്ദര്യം വിഴിയുന്ന ദാരുശില്‍പ്പം പൊതുദര്‍ശനത്തിന് വെച്ചു. ജമന്തിപ്പൂമാലകളര്‍പ്പിക്കാനും, മെഴുകുതിരി നാളങ്ങള്‍ കത്തിച്ചു വയ്ക്കാനും ആദ്യനാളില്‍ തന്നെ അഭൂതപൂര്‍വ്വമായ ജനക്കൂട്ടമാണ് മയ്യഴിയിലേക്കൊഴുകിയെത്തിയത്. മയ്യഴി എം.എല്‍.എ രമേശ് പറമ്പത്ത്, പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ആദ്യ ദര്‍ശനത്തിനെത്തിയിരുന്നു. ഒക്ടോബര്‍ 22 വരെ മഹോത്സവം തുടരും.

ഇന്നലെ രാവിലെ 11.30ന് പള്ളി വികാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കൊടിയേറ്റത്തിനു ശേഷമാണ് വിശുദ്ധ അമ്മയുടെ അത്ഭുത തിരുസ്വരൂപം രഹസ്യ അറയില്‍ നിന്നും പുറത്തെടുത്ത് പൊതുവണക്കത്തിനായി സമര്‍പ്പിച്ചത്. അമ്മയുടെ തിരുസ്വരൂപത്തില്‍ ജാതി മതഭേദമന്യേ അനേകരാണ് പളളിയിലേക്ക് നേര്‍ച്ചയുമായെത്തിയത്. ഒമ്പതിന് വൈകീട്ട് ആറ് മണിക്ക് കോട്ടപ്പുറം രൂപത മെത്രാന്‍ റവ.ഡോ.ജോസഫ് കാരിക്കശ്ശേരിയും 10ന് വൈകീട്ട് ആറ് മണിക്ക് കണ്ണൂര്‍ രൂപത മെത്രാന്‍ അഭിവന്ദ്യ റവ.ഡോ.അലക്‌സ് വടക്കുംതലയുടെയും മുഖ്യകാര്‍മികത്വത്തില്‍ സാഘോഷാ ദിവ്യബലി നടത്തും. മഹോത്സവത്തിന്റെ പ്രധാന ദിവസമായ 14ന് വൈകീട്ട് അഞ്ച് മണിക്ക് ആലപ്പുഴ രൂപത മെത്രാന്‍ റവ.ഡോ.ജെയിംസ് ആനാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണവും ഉണ്ടായിരിക്കും.

തിരുനാള്‍ ദിനമായ 15ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ ശയനപ്രദിക്ഷണം ഉണ്ടായിരിക്കും. തുടര്‍ന്ന് രാവിലെ 10.30 ന് സുല്‍ത്താന്‍പേട്ട് രൂപത മെത്രാന്‍ റവ.ഡോ.ആന്റണിസാമി പീറ്റര്‍ അബീറിന്റെ മുഖ്യകാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും. തിരുനാള്‍ സമാപന ദിവസമായ ഒക്ടോബര്‍ 22ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം അതിരൂപത മെത്രാന്‍ റവ.ഡോ.തോമസ് നെറ്റോവിന് സ്വീകരണവും തുടര്‍ന്ന് സാഘോഷ ദിവ്യബലിയും നടക്കും.

പ്രധാന തിരുനാള്‍ ദിവസമായ 14 ,15 തീയതികളില്‍ ചില എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് മാഹിയില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൂടാതെ മാഹിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി മാഹി മൈതാനിയില്‍ വാഹനപാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാജേഷ്.ഡി സില്‍വ, ബോബി ബിനോയ്, ജോഷ്വാ റോളണ്ട്, അഗസ്റ്റിന്‍.ഇ.എക്‌സ്, ജയ്‌സണ്‍ റോഡ്രിഗസ്, ജോണ്‍സണ്‍ കൊട്ടാരത്തില്‍ എന്നിവരാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *