തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേയും സംഘത്തിന്റേയും യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിക്കാത്തതില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഇന്നലെയാണ് യാത്രയുടെ കാര്യം നേരില്‍ പറഞ്ഞത്. നോര്‍വേ, ഇംഗ്ലണ്ട്, വെയില്‍സ് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നിശ്ചയിച്ചതിലും ഒരുദിവസം വൈകിയാണ് സംഘം പുറപ്പെട്ടത്. മന്ത്രിമാരായ പി.രാജീവ്, വി. അബ്ദുറഹിമാന് തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടാണ് നോര്‍വേ സന്ദര്‍ശനം.
വെയ്ല്‍സില്‍ ആരോഗ്യ മേഖലയെ കുറിച്ചാണ് ചര്‍ച്ചകള്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവിടെയെത്തും. ലണ്ടനില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചിട്ടുണ്ട്. യു.കെയിലെ വിവിധ സര്‍വകലാശാലകളുമായി ധാരണാപത്രങ്ങളും ഒപ്പുവയ്ക്കും.