മലപ്പുറം: കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ , ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, കാരാടന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കര യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന കാമരാജിന്റെ 47ാമത് ചരമദിനത്തില്‍ നിലമ്പൂര്‍ എടക്കരയിലെ കാരാടന്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടന്നത്. വ്യക്തിപരമായ താല്‍പര്യങ്ങളക്കാള്‍ സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുകയും അതിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള മഹത് വ്യക്തികളില്‍ ഒരാളാണ് കാമരാജ് എന്ന് യോഗം ഉദ്ഘാടനം ചെയ്ത ലോക കേരള സഭാംഗം പി.കെ കബീര്‍ സലാല അഭിപ്രായപ്പെട്ടു.
ഗാന്ധിജി ജനിച്ചതും കാമരാജ് മരിച്ചതും ഒരേ ദിവസാണ്. ഒരു മഹാത്മാവിന്റെ ജനനവും മറ്റാരു മഹാത്മാവിന്റെ അന്ത്യവും. അതാണ് ഒക്ടോബര്‍ രണ്ടിന്റെ സവിശേഷത. അതിനാല്‍ ചരിത്രത്തിന്റെ ഏടുകളില്‍ തങ്ക ലിപികളില്‍ സ്ഥാനം പിടിച്ച ഈ മഹാരഥന്മാരുടെ ജീവിത ശൈലി സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സൗജന്യ നിയമ സഹായത്തെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു. ഡോ. ദില്‍ഷാദ് തൊണ്ടി പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ പി.എം മുസമ്മില്‍ പുതിയറ അധ്യക്ഷത വഹിച്ചു. ഒ.ടി ജയിംസ്, അഡ്വ.വി.സി ഇസ്മയില്‍, ഷൈജു എന്‍.വി , സന്തോഷ് കപ്രാട്ട്, മുഹമ്മദ് റഫീഖ്.കെ, കെ.എം മൊയ്തീന്‍ പൂന്താനം, അനില്‍ ലൈലാക്ക് , റുബൈദ മുഹമ്മദ്, പി.കെ.അബ്ദുറഹിമാന്‍ , പി.കെ. സിയാദ്, പി.കെ സഫിയ, അബ്ദുള്‍ അസീസ്, സി.ടി.അബ്ദുള്ള കുട്ടി, കെ.ശശി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.