മലബാര്‍ ക്രാഫ്റ്റ് മേളയിലുണ്ട് നല്ല നെല്ലില്‍ വിളഞ്ഞ ആഭരണങ്ങള്‍

മലബാര്‍ ക്രാഫ്റ്റ് മേളയിലുണ്ട് നല്ല നെല്ലില്‍ വിളഞ്ഞ ആഭരണങ്ങള്‍

കോഴിക്കോട്: സ്വര്‍ണം, വജ്രം, വെള്ളി തുടങ്ങി നിരവധി ഐറ്റങ്ങള്‍ കൊണ്ടുള്ള ആഭരണങ്ങള്‍ പൊതുവെ കാണാറുണ്ട്. എന്നാല്‍ നെല്ലുകൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ടോ? അവ കാണണമെങ്കില്‍ സ്വപ്ന നഗരിയില്‍ നടക്കുന്ന മലബാര്‍ ക്രാഫ്റ്റ് മേളയില്‍ പോകണം. അവിടെ നെല്ലുകൊണ്ടുള്ള ആഭരണങ്ങള്‍ വിവിധ രൂപത്തിലും ഭാവത്തിലും തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. മേളയുടെ മുഖ്യ ആകര്‍ഷണവും ഈ ആഭരണങ്ങള്‍ തന്നെയാണ്. പശ്ചിമ ബംഗാളില്‍ നിന്നെത്തിയ പുത്തൂല്‍ ദാസ് മിത്രയാണ് ഈ കരവിരുതിന് പിന്നില്‍.

മരവും നെല്ലും ഉപയോഗിച്ച് തീര്‍ത്ത വളകള്‍, മാലകള്‍, കമ്മല്‍ തുടങ്ങി ആഭരണങ്ങളുടെ നീണ്ട നിര തന്നെയുണ്ട് മേളയില്‍. 50 രൂപ മുതല്‍ 500 രൂപവരെയാണ് ആഭരണങ്ങളുടെ വില. കഴിഞ്ഞ 22 വര്‍ഷമായി പുത്തൂല്‍ ദാസ് മിത്ര ആഭരണങ്ങള്‍ നെല്ല് കൊണ്ട് നിര്‍മിക്കുന്നു.വളരെ ചെറുപ്പത്തിലാണ് ഈ ആശയം ഉദിക്കുന്നത്. ലക്ഷ്മി പൂജാ ദിവസങ്ങളില്‍ രാഖികെട്ടിയുണ്ടാക്കിയായിരുന്നു തുടക്കം. പിന്നീട് സല്‍വാറിലേക്ക് മാലയുണ്ടാക്കി. അത് പുതുക്കിപ്പണിത് നെല്ലുകൊണ്ടുള്ള ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയെന്നും അവര്‍ പറഞ്ഞു.

ചെറിയ തുകയ്ക്ക് ലഭിക്കുന്ന ഈ ആഭരണങ്ങള്‍ നാലഞ്ചുവര്‍ഷം ഈടുനില്‍ക്കുമെന്ന് പുത്തൂല്‍ പറയുന്നു. ആഭരണങ്ങളിലെ ഈ വൈവിധ്യം പുത്തൂലിനെത്തേടിയെത്തിയത് നിരവധി അവസരങ്ങളുടെ രൂപത്തിലാണ്. 2014-ല്‍ കേന്ദ്രസര്‍ക്കാരിന്റെ ദേശീയ അവാര്‍ഡ് അന്നത്തെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങി. അതിനുശേഷം നിരവധി അവസരങ്ങള്‍ പുത്തൂലിനെത്തേടിയെത്തി. സൗത്താഫ്രിക്കയിലും ചൈനയിലും ഇറ്റലിയിലും ഈജിപ്തിലുമുള്‍പ്പെടെ രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് നിരവധി അവസരങ്ങള്‍ പുത്തൂലിന് ലഭിച്ചു.

ഭര്‍ത്താവ് ഹരണ്‍ ദാസിന്റേയും മകന്‍ ഋതുലിന്റെയും പ്രോത്സാഹനം തന്റെ നേട്ടങ്ങള്‍ക്കു പിറകിലുണ്ടെന്ന് പുത്തൂല്‍ പറയുന്നു. നിലവില്‍ ബംഗാളില്‍ ആഭരണനിര്‍മാണത്തിനായി സ്ഥാപനവും തുടങ്ങിയിട്ടുണ്ട്. 14 സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ അഭിമാനത്തിലും കൂടിയാണ് പുത്തൂല്‍.

ഈ മാസം 16 വരെയാണ് മലബാര്‍ ക്രാഫ്റ്റ് മേള നടക്കുന്നത്. കേരളത്തിന്റെ പരമ്പാരഗത വ്യവസായ സംരംഭങ്ങളുടെ അഭിവൃദ്ധിയും തനത് ഉല്‍പന്നങ്ങളുടെ വിപണനവും മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലബാര്‍ ക്രാഫ്റ്റ്സ് മേള. മേളയില്‍ ഇന്ന് വൈകുന്നേരം സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *