ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമമെന്ന് കോണ്‍ഗ്രസ്. രാഷ്ട്രീയ പ്രതിയോഗികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി നേരിടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് വീണ്ടും ഇ.ഡി സമന്‍സ് അയച്ചതിന് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയില്‍ ഡിജിറ്റലായി അണിചേരാന്‍ പ്രത്യേക ആപ്പും പുറത്തിറക്കി.
ഭാരത് ജോഡോ യാത്ര കര്‍ണാടകയിലെ പ്രചാരണം തുടരുകയാണ്. മൈസൂരില്‍ കോരിച്ചൊരിയുന്ന മഴയില്‍ ‘ഭാരത് ജോഡോ യാത്ര’ നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോക്ക് വലിയ പ്രചാരണമാണ് ലഭിക്കുന്നത്. കനത്ത മഴയില്‍ തന്നെ രാഹുല്‍ ഗാന്ധി ഞായറാഴ്ച പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോ. സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് മൈസൂരുവിലെ പദയാത്ര നടന്നത്. ഡി.കെ ശിവകുമാര്‍, ജയറാം രമേശ്, വീരപ്പ മൊയ്‌ലി തുടങ്ങിയവരും യാത്രയെ അനുഗമിച്ചു. ഇരുപതിനായിരം പ്രവര്‍ത്തകരാണ് രാഹുലിനൊപ്പം പദയാത്രയില്‍ പങ്കെടുത്തത്.