കോഴിക്കോട്: കഴിഞ്ഞ ദിവസം ഫാത്തിമ ഹോസ്പിറ്റലില്‍ എത്തി ഡോക്ടറേയും ആശുപത്രി ജീവനക്കാരേയും കൈയ്യേറ്റം ചെയ്തവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐ.എം.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെ സി.സി ടി.വി ദൃശ്യം പ്രകാരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ 20തോളം വരുന്ന ആളുകള്‍ ചേര്‍ന്ന് കാഷ്വാലിറ്റിക്ക് പുറത്തേക്ക് വിളിച്ചുവരുത്തി ദോഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. അക്രമികളെ ആശുപത്രി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്യണം. സ്ത്രീകളായ നഴ്‌സുമാരുടെ സാന്നിധ്യത്തില്‍ സ്ത്രീ രോഗികളെ പരിശോധിച്ച ഡോക്ടര്‍ക്കെതിരേ 354ാം വകുപ്പ് ചുമത്താനുള്ള നീക്കത്തില്‍നിന്ന് പോലിസ് പിന്‍വാങ്ങണം.
ചുമയും പനിയുമായി വരുന്ന രോഗികളെ സ്‌റ്റെതസ്‌കോപ്പ് വച്ച് പരിശോധിക്കുന്നതും ശരീര പരിശോധന നടത്തുന്നതും സ്ത്രീ പീഡനത്തിന്റെ ദൃഷ്ടിയില്‍ കാണുന്നതും തീര്‍ത്തും പരിഹാസ്യമാണ്. രോഗികളായ രണ്ടു വിദ്യാര്‍ഥിനികളെ കരുവാക്കി മോശമായ രീതിയില്‍ പെരുമാറിയ അവരുടെ സഹപാഠികളും അധ്യാപകരെന്നു പറയപ്പെടുന്നവരും കാട്ടിക്കൂട്ടിയ കൃത്യങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഭാവിയില്‍ രോഗി-ഡോക്ടര്‍ ബന്ധം കൂടുതല്‍ വഷളാക്കും.
കൊവിഡ് കാലത്ത് സ്വജീവന്‍ പണയംവച്ച് കേരളത്തിന്റെ ആരോഗ്യരംഗം താങ്ങിനിര്‍ത്തിയ യുവ ഡോക്ടര്‍മാരുടെ സംഭാവന മറന്നുപോകുന്നത് ഒരു സമൂഹത്തിനും ഭൂഷണമല്ല. യുവഡോക്ടര്‍മാര്‍ നിരന്തരം അക്രമത്തിനിരയാകുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശക്തമായ നടപടികള്‍ പോലിസിന്റേയും പൊതുജനത്തിന്റേയും ഭാഗത്ത് നിന്ന് ഉണ്ടാകണം.
ആക്രമണം നടത്തിയവരില്‍ മൂന്ന്‌പേര്‍ ഒഴിച്ച് മറ്റുള്ള പ്രതികളെ ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല. സ്വതന്ത്രവിഹാരം നടത്തുന്ന മറ്റുപ്രതികള്‍ക്കെതിരേ മൃദുസമീപനം സ്വീകരിക്കുകയും ഡോക്ടറെ കുറ്റക്കാരനാക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് ആശുപത്രികള്‍ അടച്ചിട്ട് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകേണ്ടി വരും. സുഗമമായ ഒരു ഡോക്ടര്‍-രോഗി ബന്ധത്തിനും സുശക്തമായ ആരോഗ്യ രംഗത്തിനും വേണ്ടി ഐ.എം.എ എന്നും നിലകൊള്ളുമെന്നും അതിനായുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ബി വേണുഗോപാലന്‍ (പ്രസിഡന്റ് ഐ.എം.എ), ഡോ.കെ സന്ധ്യാകുറുപ്പ് (സെക്രട്ടറി, ഐ.എം.എ), ഡോ.വി.ജി പ്രദീപ്കുമാര്‍ (മുന്‍.ഐ.എം.എ സംസ്ഥാന പ്രസിഡന്റ്), ഡോ. അനീന്‍ എന്‍.കുട്ടി (കണ്‍വീനര്‍, കോഴിക്കോട് ജില്ലാകമ്മിറ്റി) എന്നിവര്‍ പങ്കെടുത്തു.