തലശ്ശേരി: മുഷ്ടി ചുരുട്ടി തന്റെ രാഷ്ട്രീയ ഗുരുവിന് അന്ത്യാഭിവാദനം ചെയ്യുമ്പോള്‍, സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ കണ്ണുനിറഞ്ഞു. അത്രമേല്‍ ആഴത്തിലുള്ള ആത്മബന്ധം ഇരുവര്‍ക്കും തമ്മിലുണ്ടായിരുന്നു. കോടിയേരിയില്‍ നിന്നാണ് അഡ്വ.ഷംസിര്‍ രാഷ്ട്രീയ ഗൃഹപാഠം സ്വായത്തമാക്കിയത്. രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും ചവിട്ടുപടികള്‍ ഒന്നൊന്നായി കയറുമ്പോഴും താങ്ങും തണലുമായി കോടിയേരി ബാലകൃഷ്ണന്‍ എന്നുമൊപ്പമുണ്ടായിരുന്നു. എത്തി നില്‍ക്കുന്ന പദവിയില്‍ പോലും മറ്റാരേക്കാളും സന്തോഷിച്ചതും കോടിയേരി തന്നെ. തെറ്റുകള്‍ കണ്ടാല്‍ സ്‌നേഹപൂര്‍വം ശാസിക്കാനും ഈ നേതാവ് മടിക്കാറില്ലെന്ന് ഷംസീര്‍ ഓര്‍ക്കുന്നു.
ഷംസീറിന്റെ രാഷ്ട്രീയ ജീവിതത്തിലെ റോള്‍ മോഡലാണ് കോടിയേരി. പിതാവിന്റെ സ്‌നേഹ വാത്സല്യങ്ങളും പാര്‍ട്ടി സഖാവിന്റെ കാര്‍ക്കശ്യവും ഒരു പോലെ അനുഭവിച്ചറിയാന്‍ ഷംസീറിന് സാധിച്ചു. പ്രായവ്യത്യാസങ്ങള്‍ക്കുമപ്പുറം പാര്‍ട്ടി സഖാക്കളോട് നര്‍മം പറഞ്ഞ് കണ്ണിറുക്കി പൊട്ടിച്ചിരിക്കുകയെന്നത് കോടിയേരിയുടെ ശീലമായിരുന്നു.
പൊതുവേദികളില്‍ പോലും രാഷ്ട്രീയ പ്രതിയോഗികളെ നേരിട്ട് അക്രമിക്കുന്നതിന് പകരം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത് കേള്‍ക്കാന്‍ എക്കാലത്തും ധാരാളം കേള്‍വിക്കാര്‍ അദ്ദേഹത്തിന് ചുറ്റിലുമുണ്ടായിരുന്നു. രാഷ്ട്രീയത്തിനുമപ്പുറം, സുഹൃത്തുക്കളുടെ തോളില്‍ കൈയ്യിട്ട് തമാശകള്‍ പറഞ്ഞ്, കുട്ടികളെ പോലെ ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ പലരുടേയും അനുഭവങ്ങളിലുണ്ട്. ഒരിക്കല്‍ പരിചയപ്പെട്ടവരെ പിന്നീട് പേര് വിളിച്ച് സംബോധന ചെയ്യുന്ന ഓര്‍മശക്തി ഈ നേതാവിന്റെ പ്രത്യേകതയാണ്.