തലശ്ശേരി: ‘ലാല്‍ സലാം സഖാവേ ‘ എന്ന് ഉള്ളുരുകി അഭിവാദ്യം ചെയ്ത് കേരളത്തിന്റെ രണനായകനെ ജന്മനാട് വരവേറ്റു. വിപ്ലവനായകന് അഭിവാദ്യമര്‍പ്പിച്ച് , പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങളോടെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയില്‍ ഇന്നലെ വൈകീട്ട് മൂന്നര മണിയോടെ ടൗണ്‍ഹാളിലെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാതിക ശരീരം വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍ ജന്മനാട് ഏറ്റുവാങ്ങി. അനിതര സാധാരണമായ സംഘടനാ ശേഷിയും, കുറിക്ക് കൊള്ളുന്ന നര്‍മരസപ്രധാനമായ പ്രസംഗശൈലിയും കൊണ്ട് അരനൂറ്റാണ്ടുകാലം പൊതുസമൂഹത്തെ തന്നോട് ചേര്‍ത്തുവെച്ച ജനപ്രിയ നേതാവിനെ അവസാനമായൊരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ടൗണ്‍ ഹാളിലൊഴുകിയെത്തിയ
ത്.
ഇ.കെ.നായനാര്‍ക്ക് ലഭിച്ച അന്ത്യോപചാര ചടങ്ങ് മാത്രമേ ഇതിന് മുമ്പ് കണ്ണൂരിലെ പാര്‍ട്ടി സഖാക്കള്‍ക്ക് ഓര്‍ത്തെടുക്കാനാവൂ. പൈതൃകനഗരത്തെ വികസനത്തിന്റെ ഭൂപടത്തിലേക്കുയര്‍ത്തിയ വികസന നായകന് അന്ത്യോപചാരമര്‍പ്പിക്കാന്‍ നാടാകെ ഒഴുകിയെത്തിയത് സമീപകാലത്തൊന്നും മറ്റൊരു നേതാവിനും ലഭിക്കാത്ത വീരോചിതമായ ആരാധന കൂടിയായിരുന്നു. തന്നെ താനാക്കി മാറ്റിയ നാടിന്റെ മോചനത്തിന് വേണ്ടി ജനപക്ഷത്ത് നിന്ന് അനവരതം പോരാടിയ ജനനായകന് അന്ത്യോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയത്തിനുമപ്പുറം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള ജനസഞ്ചയമാണ് ഇന്നലെ രാവിലെ മുതലേ ടൗണ്‍ ഹാളിലെത്തിയത്. കേരളത്തിന്റെ ഭരണ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തിന്റെ സിരാ കേന്ദ്രമായി തലശ്ശേരി അക്ഷരാര്‍ത്ഥത്തില്‍ മാറുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ , മന്ത്രിമാരായ എന്‍.ബാലഗോപാലന്‍, മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, കെ.രാധാകൃഷ്ണന്‍ , അബ്ദുറഹ്മാന്‍, പി.രാജീവ്, കെ.കൃഷ്ണന്‍കുട്ടി ,വാസവന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, പി ബി.അംഗം എസ്.രാമചന്ദ്രന്‍ പിള്ള, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യന്‍, ജില്ല പ്രോസിക്യൂട്ടര്‍ അഡ്വ.കെ.അജിത്കുമാര്‍, ഗോകുലം ഗോപാലന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍, ഡോ. തോമസ് ഐസക്ക്, എം.എ.ബേബി, സി.എസ്.സുജാത , എം.വി.ജയരാജന്‍, പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ, വി.ശിവദാസ് എം.പി, തിരുവനന്തപുരം മേയര്‍ ആര്യ സച്ചിന്‍, സച്ചിന്‍ എം.എല്‍.എ, കെ.കെശൈലജ എം.എല്‍.എ, മുന്‍ മന്ത്രി എളമരം കരിം, കെ.പി.മോഹനന്‍ എം.എല്‍.എ, മുന്‍ മന്ത്രി സി.കെ.നാണു, മുന്‍ എം.എല്‍.എ.മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ, പി.കെ.കൃഷ്ണദാസ്, എന്‍.ഹരിദാസ്, ടി.കെ.ഹംസ, എസ്.ശര്‍മ്മ , കെ.കെ.ലതിക, മുന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍, പി.മോഹനന്‍ മാസ്റ്റര്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, എം.സ്വരാജ് എം.എല്‍ .എ, സി.എച്ച് കുഞ്ഞമ്പു, കെ.മുരളീധരന്‍ എം.പി, കെ.കെ.ശൈലജ എം.എല്‍.എ, പാലോളി മുഹമ്മദ് കുട്ടി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കെ.കെ.രാഗേഷ്, വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സതീദേവി, കടന്നപ്പള്ളി രാമചന്ദ്രന്‍ , മുല്ലപ്പള്ളി രാമചന്ദ്രന്‍ ,അഡ്വ.നിഷാദ്, മുന്‍ മന്ത്രി സുനില്‍ കുമാര്‍, തുടങ്ങി ഒട്ടേറെ നേതാക്കളും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി സാധാരണക്കാരായ പ്രവര്‍ത്തകരും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
ടൗണ്‍ ഹാളിന്റെ അകവും പുറവും മാത്രമല്ല ടൗണ്‍ ഹാള്‍ റോഡിലേക്കും, തലശ്ശേരി-കുടക് റോഡിലേക്കും സ്ത്രീകളും, കുട്ടികളുമടങ്ങിയ നിലയ്ക്കാത്ത ക്യൂ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഒഴിഞ്ഞില്ല. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും നേതാവിനെ കാണാനാവാത്തതിലുള്ള ദുഃഖത്തില്‍ പലവട്ടം അണികള്‍ പോലിസും, റെഡ് വളണ്ടിയര്‍മാരും ഒരുക്കിയ ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തേക്ക് തള്ളിക്കയറുകയായിരുന്നു. അവസാന നിമിഷവും പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുകയും, ത്യാഗനിര്‍ഭരമായ ജീവിതം നയിക്കുകയും ചെയ്ത പ്രിയ സഖാവിനെ പലരും മണിക്കുറുകള്‍ കാത്തിരുന്നാണ് ഒരു നോക്ക് കണ്ടത്. ടൗണ്‍ഹാളിനകത്ത് പുഷ്പതലത്തില്‍ കിടത്തിയ നേതാവിനെ ആയിരങ്ങള്‍ കണ്ണീര്‍ കണങ്ങള്‍ക്കൊപ്പം പുഷ്പ ദളങ്ങള്‍ കൊണ്ട് മൂടി.