മാഹി: നദീ ദ്വൈവാരാചരണ പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കാനും മയ്യഴിപ്പുഴക്കായി പദ്ധതി പ്രഖ്യാപിക്കാനും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍, പ്രൊഫ സീതാരാമന്‍ നഗറില്‍ (മാഹി ഇ. വത്സരാജ് ജൂബിലി ഹാള്‍) ഉച്ചക്ക് ശേഷം 3 മണിക്ക് സദസ്സിനെ അഭിമുഖീകരിക്കും. ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണി വരെ ദുഃഖാചരണത്തിന്റെ ഭാഗമായി ഹര്‍ത്താലായതിനാല്‍, രാവിലെ മാഹി ഇ. വത്സരാജ് ജൂബിലി ഹാളിലെ രാവിലത്തെ പരിപാടികള്‍ റദ്ദാക്കിയിരുന്നു.
ദ്വൈവാരാചരണ പരിപാടിയുടെ ഭാഗമായി മാഹി മഞ്ചക്കലില്‍ ചിരാത് തെളിയിച്ച് തെളിനീര്‍ ചങ്ങല തീര്‍ത്ത് നദീ ദിന പ്രതിജ്ഞയെടുത്തു. കേരള നദീ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി വേണു വാരിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ അസീസ് മാഹി ചിരാത് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആശ്രയ വിമന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.ഇ സുലോചന ചിരാത് കൈമാറി.
ചടങ്ങില്‍ മുന്‍ ‘ആഭ്യന്തര-ടൂറിസം മന്ത്രിയും സി.പി.എം നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ മയ്യഴിപ്പുഴ സംരക്ഷണ സമിതി ദുഃഖം രേഖപ്പെടുത്തി. മഞ്ചക്കലില്‍ നദീദിന പ്രതിജ്ഞ എടുത്തു. കേരള നദീ സംരക്ഷണ സമിതി സെക്രട്ടറി ഗോപിനാഥ് ഏലൂര്‍, ഡി.ബാബുരാജ് എറണാകുളം, സി.കെ രാജലക്ഷ്മി, ഷൗക്കത്ത് അലി എരോത്ത്, ഡോ.മധുസൂദനന്‍, ഡോ.ദിലീപ്.പി കോട്ടെംബ്രം, ഷഹനാസ് എം.പി എന്നിവര്‍ പ്രസംഗിച്ചു. കേരള നദീ സംരക്ഷണ സമിതി ട്രഷറര്‍ ടിഎന്‍ പ്രതാപന്‍ സ്വാഗതവും സുധീര്‍ കേളോത്ത് നന്ദിയും പറഞ്ഞു.