ചാലക്കര പുരുഷു
മാഹി: തന്റെ രാഷ്ട്രീയ ജീവിതത്തിന് വഴിത്തിരിവായ മാഹി എം.ജി കോളേജിലെ ആദ്യ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലെ വിജയം മുതല്‍ മയ്യഴിയിലെ എല്ലാ തെരഞ്ഞെടുപ്പുകളുടേയും ചുമതലക്കാരന്‍ കോടിയേരിയായിരുന്നു. മയ്യഴിയില്‍ സംഘടനാ ശേഷിയിലും ജനസ്വാധീനത്തിലും ഒന്നാം സ്ഥാനം ഒരിക്കലും സി.പി.എമ്മിനല്ലാതിരുന്നിട്ടും, മൂന്ന് തവണ സി.പി.എമ്മിലെ കെ.വി രാഘവന് ജയിച്ചു കയറാനുള്ള അടവു തന്ത്രങ്ങളൊരുക്കിയതും കേരളത്തിലെ പാര്‍ട്ടിയുടെ ശക്തമായ ഇടപെടലുകള്‍ നടത്താനും കോടിയേരിയുടെ ചാണക്യ തന്ത്രത്തിന് സാധിച്ചിരുന്നു.
പിന്നീട് കാല്‍ നൂറ്റാണ്ടുകാലം കൈവിട്ടു പോയ മാഹി സീറ്റ് തിരിച്ചുപിടിക്കാനായത് 2016ല്‍ ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിക്കൊണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം ആ തന്ത്രം വിജയം കാണുകയായിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് പോയി തിരിച്ചു വന്ന കോടിയേരി ചാലക്കരയില്‍ നടന്ന പൊതുയോഗത്തില്‍ വച്ചാണ് താന്‍ കാന്‍സറിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തിയത്. നിറയെ നര്‍മത്തില്‍ കലര്‍ന്ന പ്രസംഗത്തിനൊടുവില്‍ പ്രസന്നവദനനായി പുഞ്ചിരിയോടെ കോടിയേരി തന്റെ രോഗാവസ്ഥ തുറന്ന് പറഞ്ഞപ്പോള്‍, പാര്‍ട്ടിക്കാര്‍ മാത്രമല്ല, കേട്ടു നിന്നവര്‍ പോലും കരഞ്ഞുപോയി. പരിചയ സീമകളില്‍പ്പെട്ട മയ്യഴിയിലെ ആര് കല്യാണം ക്ഷണിച്ചാലും, മരണ വിവരമറിയിച്ചാലും കോടിയേരി നാട്ടിലെത്തിയാല്‍ അവിടെ എത്തിച്ചേര്‍ന്നിരിക്കും.