കൊച്ചി: പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന എം.എ.രാമചന്ദ്രന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.
ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അറ്റ്ലസ് രാമചന്ദ്രന്‍ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം തൃശൂര്‍ മുല്ലശേരി മധുക്കര സ്വദേശിയാണ്. ജ്വല്ലറികള്‍ക്കുപുറമെ റിയല്‍ എസ്റ്റേറ്റിലും സിനിമ മേഖലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2015ല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. കേസ് അവസാനിക്കാത്തതിനാല്‍ യു.എ.ഇ വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിങ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ ഇന്ദു രാചമന്ദ്രന്‍, മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്‍, പേരക്കുട്ടികളായ ചാന്ദിനി, അര്‍ജുന്‍ എന്നിവര്‍ മരണസമയ്ത്ത് ഒപ്പമുണ്ടായിരുന്നു. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് ദുബായിലെ ജബല്‍ അലിയിലെ ശ്മശാനത്തില്‍.