കോഴിക്കോട്: ശ്രീരമയുടെ കവിതകള്‍ ദാര്‍ശനികവും പുതിയ കാലത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ പറഞ്ഞു. കവിതകളില്‍ സജീവമായ സര്‍ഗാത്മക സാന്നിധ്യമുണ്ട്. ശ്രീരമയുടെ കവിതാസമാഹാരമായ ‘ഹൃദയം വാടകയ്ക്ക്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള കവിതാലോകത്ത് എത്ര കവിതകള്‍ നമ്മുടെ കാവ്യരീതിയെ അതിജീവിച്ചുകൊണ്ട് നിലനില്‍ക്കുന്നുവെന്നത് ഒരു ചോദ്യമാണ്. കവിയത്രികള്‍ കൂടുന്നുണ്ടെങ്കിലും കതിര്‍ കനമുള്ള കവിതകള്‍ കണ്ടെത്തുക പ്രയാസമാണ്. ശ്രീരമയുടെ കവിതകളില്‍ സാമൂഹിക വിമര്‍ശനം അടങ്ങിയതും പരത്തി പറയാതെ ചുരുക്കി പറയുന്നവയുമാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തുകാര്‍ക്ക് താളബോധമുണ്ടാകണമെന്ന് ഡോ.പ്രിയദര്‍ശന്‍ ലാല്‍ അഭിപ്രായപ്പെട്ടു. ധാരാളം എഴുതിയിട്ട് കാര്യമില്ല. നമ്മള്‍ ജീവിച്ചിരിക്കേ നമ്മുടെ പുസ്തകം കൈയ്യും കാലുമിട്ടിടിച്ച് മരിക്കുന്നത് കാണാന്‍ ഇടവരുത്തരുത്. എഴുതുന്നത് കട്ടിയുള്ളതാവണം. കവിത എഴുതുമെന്ന് പലര്‍ക്കും വാശിയുണ്ട്. എന്നാല്‍ എഴുത്തിന്റെ രീതിശാസ്ത്രം അറിയേണ്ടതുണ്ട്. ശ്രീരമ അനുഗ്രഹീതയായ എഴുത്തുകാരിയാണെന്നദ്ദേഹം സൂചിപ്പിച്ചു. പുസ്തക പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്യ ഗോപി പുസ്തകം ഏറ്റുവാങ്ങി. കെ.ജി രഘുനാഥ് പുസ്തക പരിചയം നടത്തി. മുണ്ട്യാടി ദാമോദരന്‍, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയര്‍പേഴ്സണ്‍ രേഖ.സി, സുചിത്ര ഉല്ലാസ് ആശംസകള്‍ നേര്‍ന്നു. മോഹനന്‍ പുതിയോട്ടില്‍ സ്വാഗതവും ശ്രീരമ മറുമൊഴിയും നടത്തി.