തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ രാജരാജ ക്ഷേത്രാങ്കണത്തില്‍ ടി.ടി.കെ ദേവസ്വം അനുമതിയോടെ 2023 ജനുവരിയില്‍ പ്രമുഖ വ്യവസായി മൊട്ടേമ്മല്‍ രാജന്‍ സമര്‍പ്പിക്കുന്ന 12 അടി ഉയരത്തില്‍ പ്രശസ്ഥ ശില്‍പി കാനായി ഉണ്ണി വെങ്കലത്തില്‍ നിര്‍മിച്ച ശ്രീമഹാദേവന്റെ പ്രതിമയുടെ മാതൃക അനാച്ഛാദനം ചെയ്യുന്ന ചടങ്ങിന്റെ ഉദ്ഘാടനകര്‍മം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചിറവക്കിലെ പി.നീലകണ്ഠ അയ്യര്‍ സ്മാരകമന്ദിരത്തില്‍ നടക്കും. ആദ്ധ്യാത്മിക സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കൊപ്പം പൊതുരംഗത്തെ ഉന്നത വ്യക്തികളും ഭക്തജനങ്ങളുമടങ്ങുന്ന സദസില്‍ ബ്രിട്ടീഷ് മുഖ്യാതിഥിയായ പാര്‍ലമെന്റ് അംഗം ലോര്‍ഡ് വേവര്‍ളിയും മുതലമട സ്‌നേഹാശ്രമത്തിലെ സ്വാമി സുനില്‍ദാസ് എന്നിവര്‍ ദീപജ്വലനം സംയുക്തമായി നിര്‍വഹിക്കും.
പെരിഞ്ചെല്ലൂര്‍ സംഗീതസഭയുടെ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ സ്വാഗതതമാശംസിക്കുന്ന ചടങ്ങില്‍ തന്ത്രിവര്യന്‍ ബ്രഹ്മശ്രീ കുബേരന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. ഗ്രീന്‍ മാന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ.അബ്ദുള്‍ ഘനി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും. ഓങ്കാരം ഫൗണ്ടേഷന്‍ രക്ഷാധികാരി കമല്‍ കുന്നിരാമത്ത്, ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ,കെ.പി നാരായണന്‍ നമ്പൂതിരി, ടി.ടി.കെ ദേവസ്വം എക്സിക്യുട്ടീവ് ഓഫിസര്‍ എം.നാരായണന്‍ മാസ്റ്റര്‍ , ഹോട്ടല്‍ ഹൊറൈസണ്‍ ചെയര്‍മാന്‍ മൊട്ടമ്മല്‍ രാജന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.