ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് അന്താരാഷ്ട്ര നിലവാരത്തില്‍ നടത്തും: മന്ത്രി മുഹമ്മദ് റിയാസ്

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് അന്താരാഷ്ട്ര നിലവാരത്തില്‍ നടത്തും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് അന്താരാഷ്ട്ര നിലവാരത്തില്‍ സംഘടിപ്പിക്കുമെന്നും കൂടുതല്‍ ജനകീയമാക്കുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗം ബേപ്പൂര്‍ മാത്തോട്ടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ കൂട്ടായ്മയുടെ അടയാളമാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്. ജനങ്ങള്‍ ഒറ്റക്കെട്ടായി വാട്ടര്‍ ഫെസ്റ്റിന് ഒരുങ്ങണമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂരിലെ ഗതാഗതക്കുരുക്കിന് സമീപഭാവിയില്‍ പരിഹാരമുണ്ടാകും.

ബേപ്പൂര്‍ മറീന പദ്ധതി വികസനത്തിന്റെ പാതയിലാണ്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ഫിങ് സ്‌കൂള്‍ ബേപ്പൂരില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഢി അധ്യക്ഷനത വഹിച്ചു. എല്ലാ കമ്മിറ്റി അംഗങ്ങളും സജീവമായി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യരക്ഷാധികാരിയായ കമ്മിറ്റിയില്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ബീന ഫിലിപ്പ്, എം.പിമാരായ എം.കെ രാഘവന്‍, എളമരം കരീം, ബിനോയ് വിശ്വം, പി.ടി ഉഷ, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എന്നിവര്‍ രക്ഷാധികാരികളാണ്. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢിയാണ് വാട്ടര്‍ ഫെസ്റ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍. 18 സബ്കമ്മിറ്റികളും രൂപീകരിച്ചു.

യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഡി.ടി.പി.സി സെക്രട്ടറി നിഖില്‍ ദാസ് കമ്മറ്റി രൂപീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സബ്കലക്ടര്‍ വി.ചെത്സാസിനി, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഒ.രാജഗോപാല്‍, ബേപ്പൂര്‍ മണ്ഡലം വികസന സമിതി ചെയര്‍മാന്‍ എം.ഗിരീഷ്, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *