ഫാസിസത്തിനെതിരേ സി.പി.എമ്മുമായി സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ സഹകരിക്കും: ജനറല്‍ സെക്രട്ടറി പി.ജെ ജെയിംസ്

ഫാസിസത്തിനെതിരേ സി.പി.എമ്മുമായി സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ സഹകരിക്കും: ജനറല്‍ സെക്രട്ടറി പി.ജെ ജെയിംസ്

കോഴിക്കോട്: ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഭീഷണിക്കെതിരായ പോരാട്ടത്തില്‍ സി.പി.എമ്മുമായി പോലും കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് സി.പി.ഐ(എം.എല്‍) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.ജെ ജെയിംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയതക്കെതിരായ പോരാട്ടമൊഴിച്ചാല്‍ സി.പി.എമ്മിന്റെ സോഷ്യല്‍ ഡമോക്രാറ്റിക് നയങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ത്യയില്‍ ഫാസിസം വന്നുവെന്ന് അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ നരേന്ദ്രമോദി നടപ്പാക്കുന്ന അതേ നയം അതി തീവ്രതയോടെ പിണറായി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. വിഴിഞ്ഞം പദ്ധതിയിലൂടെ 80,000 കോടി ലാഭം അദാനിക്ക്‌
ഉണ്ടാകുമെന്ന സി.എ.ജി റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുണ്ടാക്കിയത്. സില്‍വര്‍ലൈന്‍ പദ്ധതി ഇതിന്റെ തുടര്‍ച്ചയാണ്. പിണറായിയുടെ ഭരണത്തില്‍ 151 യുഎ.പി.എ കേസുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. ബംഗാളില്‍ നന്ദിഗ്രാമും സിംഗൂരും സൃഷ്ടിച്ചത് സി.പി.എം ഭരണമാണ്. നെഹ്രുവിന്‍ നയം നരസിംഹറാവുവും മന്‍മോഹന്‍സിങ്ങും അട്ടിമറിച്ച് കോര്‍പറേറ്റ് നയം സ്വീകരിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജോതിബസുവായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ അംഗീകരിക്കുന്നില്ല. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളല്ല, ആര്‍.എസ്.എസ് ഇന്ത്യയുടെ ഭരണകൂടമായി മാറിയിട്ടുണ്ട്. അവരുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സൃഷ്ടിക്കലാണ്. മുസ്ലിം വര്‍ഗീയതയെ അംഗീകരിക്കുന്നില്ലെങ്കിലും ഒരിക്കലും ഇന്ത്യയില്‍ മുസ്ലിം രാഷ്ട്രം സ്ഥാപിക്കാനാവുമെന്ന് മുസ്ലിം വിഭാഗത്തിലെ ന്യൂനപക്ഷമായ വര്‍ഗീയ ചിന്താഗതിക്കാര്‍ പോലും വിശ്വസിക്കുന്നില്ല.

മോദി ഭരണകാലത്ത് ഗുജറാത്തിലെ ബിസിനസുകാരനായിരുന്ന അദാനി ഇന്ന് ലോകത്തിലെ മൂന്നാം സ്ഥാനക്കാരനായ പണക്കാരനായി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ മോദിഭരണം തന്നെയാണ്. ലോകത്ത് ഏറ്റവും ദരിദ്രരുള്ള രാജ്യമായി ഇന്ത്യ മാറി കഴിഞ്ഞിട്ടുണ്ട്.
പരിസ്ഥിതി വിനാശത്തിനു കാരണമായ പ്രകൃതിയുടെ മേലുള്ള കോര്‍പറേറ്റ് വല്‍ക്കരണത്തെ ചെറുക്കാനും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സെന്‍ട്രല്‍ കണ്‍ട്രോള്‍ കമ്മീഷന്‍ കണ്‍വീനര്‍ അഡ്വ.സാബി ജോസഫ്, സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞികണാരന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ശങ്കര്‍(ബംഗാള്‍), സ്മിത(കേരളം) എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *