തിരുവനന്തപുരം: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (69) ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു. രാത്രി 8. 40 ഓടയാണ് മരണം സ്ഥീരീകരിച്ചത്. വിദേശ യാത്ര റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കോടിയേരിയെ കാണാനെത്തുമെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്ക പരന്നത്. അര്‍ബുദ ബാധിതനായ കോടിയേരിയെ ആഗസ്റ്റ് 29നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനഞ്ച് ദിവസത്തെ ചികിത്സയാണ് നിര്‍ദേശിച്ചിരുന്നതെങ്കിലും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞയുടെനെയാണ് അദ്ദേഹത്തെ ആശപത്രയില്‍ പ്രവേശിപ്പിച്ചത്.
1953 നവംബര്‍ 16-ന് കണ്ണൂര്‍ തലായി എല്‍.പി സ്‌കൂള്‍ അധ്യാ പകന്‍ കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായാണ് കോടിയേരിയുടെ ജനനം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയപ്രവേശം. കോടിയേരി ജൂനിയര്‍ബേസിക് സ്‌കൂള്‍സ്, കോടിയേരി ഓണിയന്‍ ഗവ. ഹൈസ്‌കൂള്‍, മാഹി മഹാത്മാഗാന്ധി ഗവ. കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. പതിനാറാം വയസ്സില്‍ സി.പി.എം അംഗത്വം എടുത്ത കോടിയേരി 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-ല്‍ പ്രതി പക്ഷ ഉപനേതാവായ കോടിയേരി , 2006-ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പു മന്ത്രിയായിരുന്നു.