കോഴിക്കോട്: കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യം ഉത്തരവാദിത്വ ടൂറിസമാണെന്ന് പ്രമുഖ ആര്‍ക്കിയോളജിസ്റ്റ് പത്മശ്രീ കെ.കെ മുഹമ്മദ്. ലോക വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ മലബാര്‍ ടൂറിസം കൗണ്‍സില്‍ വിനോദ സഞ്ചാരം പുനര്‍വിചിന്തനം വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന പങ്കാളിത്തത്തോടെ ഉത്തരവദിത്വ ടൂറിസത്തിനും റൂറല്‍ ടൂറിസത്തിനും പ്രാധാന്യം നല്‍കിയാല്‍ മാത്രമെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് പുരോഗതി ഉണ്ടാകുകയുള്ളൂ. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് സംസ്ഥാനത്തിന്റെ പൈതൃക സംരക്ഷണത്തിനും ഈ രംഗത്തേക്ക് കടന്ന് വരുന്ന പുതിയ തലമുറ ശ്രദ്ധ ചെലുത്തണമെന്നും കെ.കെ മുഹമ്മദ് അഭിപ്രായപ്പെട്ടു.
മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയരക്ടര്‍ എസ്.സുരേഷ് മുഖ്യതിഥിയായി. കോഴിക്കോടിന്റെ കല-സാംസ്‌കാരിക- ടൂറിസം രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ടി.പി.എം ഹാഷിര്‍ അലിയെ ആദരിച്ചു. ഇന്ത്യ ടുറിസം ഓഫീസര്‍ എന്‍.രവികുമാര്‍ , ടൂര്‍ ഗൈഡ് അസോസിയേഷന്‍ പ്രതിനിധി പി.ആര്‍ രാജേഷ്, കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റാഫി. പി ദേവസി, മലബാര്‍ പാലസ് മാനേജിങ് ഡയരക്ടര്‍ മാന്വല്‍ ആന്റണി, താജ് ഗെയ്റ്റവെ ജനറല്‍ മാനേജര്‍ അനൂപ് കുമാര്‍, സി.ജി.എച്ച് ഗ്രൂപ്പ് മുന്‍ ജനറല്‍ മാനേജര്‍ എച്ച്. സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനര്‍ രജീഷ് രാഘവന്‍ സ്വാഗതവും സെക്രട്ടറി ഷഫീഖ് ആനമങ്ങാടന്‍ നന്ദിയും പറഞ്ഞു. പ്രൊവിഡന്‍സ് കോളജ്, ബൈത്തുലിസ കോളജ്, സ്പീഡ് വിങ്‌സ് അക്കാദമി, കാലിക്കറ്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ക്യാപ്റ്റന്‍സ് വിന്റോ അക്കാദമി , മിസ്റ്റ് അക്കാദമി എന്നിവിടങ്ങളിലെ ടൂറിസം വിദ്യാര്‍ഥികള്‍ സെമിനാറില്‍ പങ്കെടുത്തു.