ബ്രെയിലി ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു
കോഴിക്കോട്: കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ജില്ലയിലെ ടൂറിസം വിദ്യാര്‍ഥികള്‍ ബ്രെയില്‍ ലിപിയില്‍ തയ്യാറാക്കിയ ബ്രെയിലി ബുക്ക് ലെറ്റിന്റെ പ്രകാശനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കാഴ്ച പരിമിതിയുള്ളവര്‍ക്ക് ബുക്ക്‌ലെറ്റ് ഉപയോഗപ്രദമാകുമെന്നും വിദ്യാര്‍ഥികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ ടൂറിസത്തെ വികലാംഗ സൗഹൃദമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും മന്ത്രി പറഞ്ഞു.
12 പേജുള്ള ബ്രെയിലി ബുക്ക്‌ലെറ്റില്‍ കോഴിക്കോടുള്ള പ്രധാന വിനോദസഞ്ചാര സ്ഥലങ്ങളെ കുറിച്ചുള്ള വിവരണങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നരിക്കുനി ബൈത്തുല്‍ ഇസാ കോളേജിലെ ടൂറിസം വിദ്യാര്‍ഥികള്‍, താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ കെ.എ ശിഹാബിന്റെ നേതൃത്വത്തില്‍ ഐ.ഡി.ബി.ഐ ബാങ്കിന്റെയും സഹായത്തോടുകൂടിയാണ് ബ്രയിലി ബുക്ക്‌ലെറ്റ് തയ്യാറാക്കിയത്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള എല്ലാ സെന്ററുകളിലും ബുക്ക്‌ലെറ്റ് ലഭ്യമാകും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ വിവരണങ്ങള്‍ ഓപ്പണ്‍ ആപ്പ് സോഴ്‌സ് ആയ ജിയോ വഴി വിദ്യാര്‍ഥികള്‍ ഓഡിയോ ഗൈഡ് അസിസ്റ്റന്‍സ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി ഡി.ടി.പി.സിയുടെ കീഴിലുള്ള ഡെസ്റ്റിനേഷനുകളുടെ വിവരങ്ങള്‍ ഓഡിയോ ഗൈഡ് വഴി ജിയോ ടൂറിസ്റ്റ് ആപ്പിലൂടെ ലഭ്യമാകും.
മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡി.ടി.പി.സി സെക്രട്ടറി നിഖില്‍ ദാസ്, കെ.എ ശിഹാബ്, ഐ.ഡി.ബി.ഐ ബാങ്ക് റീജ്യണല്‍ ഹെഡ് റോണി ജോസ്, ബൈത്തുല്‍ ഇസാ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ.ഷമീര്‍ എന്നിവര്‍ സംസാരിച്ചു.