കോഴിക്കോട്: ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭരണ നിര്‍വഹണ രംഗത്ത് പ്രകടമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏറാമല ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ജി.ഐ.എസ് അധിഷ്ഠിത ഗ്രാമപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണ പ്രസ്ഥാനവും മുന്നോട്ടു വെച്ച കാഴ്ചപ്പാടുകള്‍ സാക്ഷാത്കരിക്കപ്പെടുന്നത് ഇത്തരം പദ്ധതികളിലൂടെയാണ്. പൊതു വികസന മുന്നേറ്റത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വികസനം പ്രധാന ഘടകമാണ്. ഇതിന്റെ ഭാഗമാണ് ടൂറിസം പദ്ധതികളിലെ പ്രാദേശിക ഭരണകൂടങ്ങളുടെ സാന്നിധ്യം.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. മറ്റേത് സംസ്ഥാനങ്ങളെക്കാളും കൂടുതല്‍ വികസന ഫണ്ട് കേരളത്തിലെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും സര്‍ക്കാരിന് പ്രതിസന്ധികളുണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചിട്ടില്ല. ഫിനാന്‍സ് കമ്മീഷനുകളുടെ അവാര്‍ഡുകള്‍ കൃത്യമായി നടപ്പാക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിന്റെ ഇ- ഗവേണ്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജി.ഐ.എസ് അധിഷ്ഠിത പഞ്ചായത്ത് പദ്ധതിക്ക് ഏറാമല പഞ്ചായത്ത് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള മൊബൈല്‍ ആപ്പ് കെ.കെ രമ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. പഞ്ചായത്തിലെ തൊഴില്‍ അന്വേഷകര്‍ക്കായി ആരംഭിക്കുന്ന ലേബര്‍ ബാങ്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന വിവിധ ആവശ്യങ്ങളും കൂടാതെ പരാതി, നിവേദനം, അപേക്ഷ, ഗുണഭോക്തൃ വിഹിതം തുടങ്ങി എല്ലാ കാര്യങ്ങളും ഏറാമല ഗ്രാമപഞ്ചായത്ത് എന്ന ആപ്പിലൂടെ നല്‍കാം. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഇ.എല്‍.ടി.എസുമായി സഹകരിച്ചാണ് ജി.ഐ.എസ് മാപ്പിങ് പൂര്‍ത്തീകരിച്ചത്.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഇങ്ങോളി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ദീപ് രാജ് സ്വാഗതം പറഞ്ഞു. വടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. കെ സന്തോഷ് കുമാര്‍, പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്‌സണ്‍ പ്രസിത എം.പി, ക്ഷേമകാര്യ ചെയര്‍മാന്‍ പ്രഭാകരന്‍ പറമ്പത്ത്, ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ജസീല വി.കെ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.പി നിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.കെ ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സരിത എ.എസ് നന്ദി പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.