തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരേ കോണ്‍ഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയന്‍ നാളെ മുതല്‍ പണിമുടക്കുന്നതില്‍ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഡ്യൂട്ടി തടഞ്ഞാല്‍ ക്രിമിനല്‍ കേസെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. സമരം ചെയ്യുന്നവര്‍ക്ക് ശമ്പളമില്ലെന്നും തിരിച്ചുവരുമ്പോള്‍ ജോലി പോലും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
‘അഞ്ചാം തിയതിക്കുള്ളില്‍ ശമ്പളം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. സമരം ചെയ്യുന്നവര്‍ക്ക് ശമ്പളമില്ല. തിരിച്ചു വരുമ്പോള്‍ ജോലി പോലും ഉണ്ടാകില്ല. ഡ്യൂട്ടി തടഞ്ഞാല്‍ ക്രിമിനല്‍ കേസെടുക്കും. യൂണിയന്‍ നേതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാല്‍ അവരെ സഹായിക്കാന്‍ യൂണിയന് കഴിയില്ല. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല’, ആന്റണി രാജു കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാനാണ് തീരുമാനം. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രം സിംഗിള്‍ ഡ്യൂട്ടി വരുന്നത്. നേരത്തെ എട്ട് ഡിപ്പോയില്‍ നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂള്‍ തയ്യാറാക്കിയതില്‍ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.