വിദ്യാര്‍ഥികള്‍ സംരംഭകര്‍; സെന്റ് സേവിയേഴ്‌സ് ക്യാമ്പസില്‍ ഫ്രൈഡെ മാര്‍ക്കറ്റ്

വിദ്യാര്‍ഥികള്‍ സംരംഭകര്‍; സെന്റ് സേവിയേഴ്‌സ് ക്യാമ്പസില്‍ ഫ്രൈഡെ മാര്‍ക്കറ്റ്

കോഴിക്കോട്: വീട്ടില്‍ നിന്നും തയാറാക്കിയ ഭക്ഷ്യ വിഭവങ്ങള്‍ കോളേജില്‍ വില്‍പ്പനക്കായി എത്തിച്ച് വിദ്യാര്‍ഥികളിലെ സംരംഭകരെ പ്രോത്സാഹിക്കുന്ന ഫ്രൈഡെ മാര്‍ക്കറ്റ് ശ്രദ്ധേയമായി. എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് ക്യാമ്പസിലെ ഇ.ഡി ക്ലബില്‍ അംഗങ്ങളായ വിദ്യാര്‍ഥികളാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. ക്യാമ്പസില്‍ വച്ച് നടന്ന ചടങ്ങില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ.എ.പി അനു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളിലെ സംരംഭകരെ വളര്‍ത്താനും ഭക്ഷ്യ വിഭവങ്ങളിലെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഫ്രൈഡെ മാര്‍ക്കറ്റ് ഉപകരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനിലായിരുന്നു പൊറാട്ട -ചിക്കന്‍ കറി, കപ്പ-മത്സ്യക്കറി, ഉന്നക്കായ, സമൂസ, ഓംലെറ്റ് തുടങ്ങി 20ല്‍പരം വിഭവങ്ങള്‍ വില്‍പ്പനക്കായി ഒരുക്കിയത്. വില വിവര പട്ടികയും പ്രദര്‍ശിപ്പിച്ചിരുന്നു. ഏകദേശം രണ്ട് മണിക്കൂര്‍ കഴിയുമ്പോഴേക്കും വിഭവങ്ങളെല്ലാം തീര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ ഗാന വിരുന്നും ചടങ്ങിന് പൊലിമയേകി.

കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വര്‍ഗ്ഗീസ് മാത്യൂ അധ്യക്ഷത വഹിച്ചു. തൊഴില്‍ കണ്ടെത്തുന്നതിലുപരി തൊഴില്‍ ദാതാക്കളായി മാറാന്‍ ഫ്രൈഡെ മാര്‍ക്കറ്റ് പ്രചോദനമാകുമെന്നും എല്ലാ വെള്ളിയാഴ്ചകളിലും ഉച്ഛയ്ക്ക് ശേഷം ഫ്രൈഡെ മാര്‍ക്കറ്റ് നടത്തുന്ന കാര്യം പരിഗണിക്കുമെന്നും പ്രിന്‍പ്പാള്‍ പ്രൊഫ. വര്‍ഗ്ഗീസ് മാത്യൂ അറിയിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോണ്‍സണ്‍ കൊച്ചു പറമ്പില്‍ , അധ്യാപകരായ എം.എസ് വിനി, ടി.പി ശില്‍പ , എസ്.മഹാലക്ഷമി , കെ.അഞ്ജന, വിദ്യാര്‍ഥി പ്രതിനിധികളായ ആര്യ അനില്‍ കുമാര്‍ , പി.ഗൗതമി എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *