ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പുതിയൊരു സ്ഥാനാര്‍ഥി കൂടി. രാജ്യസഭാ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പുതിയ സ്ഥാനാര്‍ഥി. ഇതോടെ തെരഞ്ഞെടുപ്പില്‍ മൂന്ന് പേര്‍ മത്സരിക്കാന്‍ ഉണ്ടാകും. ദ്വിഗ്‌വിജയ് സിങ്ങും ശശി തരൂരുമാണ് മറ്റു രണ്ടു പേര്‍. ഖാര്‍ഗേയോട് മത്സരിക്കാന്‍ സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചതായാണ് വിവരം. മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണയും ഉണ്ട്.
നാമനിര്‍ദ്ദേശപത്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളവരൊക്കെ ഇന്ന് പത്രിക സമര്‍പ്പിക്കും. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്.