ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള പത്രിക മത്സരാര്‍ഥികള്‍ സമര്‍പ്പിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, ജാര്‍ഖണ്ഡിലെ നേതാവ് കെ.എന്‍ ത്രിപാഠി എന്നിവര്‍ എ.ഐ.സി.സി ആസ്ഥാനത്ത് എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഹൈക്കമാന്‍ഡ് പിന്തുണയോടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുന്നത്.
മല്‍സരരംഗത്തുണ്ടായിരുന്ന ദിഗ്വിജയ്സിംഗും ഗെലോട്ടും ഖാര്‍ഗെയ്ക്ക് ഒപ്പമാണ്. ഖാര്‍ഗെ എങ്കില്‍ മല്‍സരിക്കാനില്ലെന്ന് ദിഗ്വിജയ്സിങ് നിലപാടെടുത്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചെടുത്ത തീരുമാനമാണെന്നും ഖാര്‍ഗെയെ പിന്തുണയ്ക്കുന്നുവെന്ന് ഗെലോട്ടും വ്യക്തമാക്കി. ജി 23 നേതാക്കളായ വാസ്നിക്കും ആനന്ദ് ശര്‍മയും ഖാര്‍ഗെയെ പിന്തുണച്ചു.
രാജ്യത്തെ എല്ലാ ഭാഗത്തുനിന്നുള്ളവരുടെയും ഒപ്പോടെയാണ് ശശി തരൂര്‍ അഞ്ച് സെറ്റ് നാമനിര്‍ദേശപത്രിക തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില് നിന്ന് എം.കെ രാഘവന്‍, കെ.സി അബു, ശബരീനാഥന്‍ അടക്കം 10 പേര്‍ ഒപ്പ് വച്ചിട്ടുണ്ട്. മല്‍സരം ഒഴിവാക്കാന്‍ അവസാന നിമിഷം വരെ ശ്രമം തുടരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചു. പത്രിക പിന്‍വലിക്കാന്‍ തയാറായാല്‍ ശശി തരൂരിനെ പ്രവര്‍ത്തക സമിതിയംഗമാക്കിയേക്കും.