കോഴിക്കോട്: കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാട്ടിലപ്പീടികയില്‍ 2020 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച സത്യഗ്രഹ സമരം രണ്ട് വര്‍ഷം തികയുന്നു. സമരം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫുല്ല സാമന്തറായ് കാട്ടിലപ്പീടിക സന്ദര്‍ശിച്ച് സത്യഗ്രഹികളേയും പൊതുജനങ്ങളേയും അഭിസംബോധന ചെയ്യും. എം.പി ബാബുരാജ്, സി.ആര്‍ നീലകണ്ഠന്‍, ഡോ.ആസാദ്, കവി വീരാന്‍കുട്ടി, അഡ്വ. പ്രവീണ്‍കുമാര്‍, ആര്‍. ശേഖര്‍, എം.എ റസാഖ് മാസ്റ്റര്‍, ടി.കെ മാധവന്‍, കെ.പി പ്രാകാശ് ബാബു, വിജയരാഘവന്‍ ചേലിയ, ടി.വി രാജന്‍ എന്നിവരും സംബന്ധിക്കുമെന്ന് കെ.റെയില്‍ പ്രതിരോധ ജനകീയ സമിതി വെങ്ങളം ചെയര്‍മാന്‍ ടി.ടി ഇസ്മാഈല്‍, ജില്ലാ ജനറല്‍ കണ്‍വീനര്‍ രാമചന്ദ്രന്‍ വരപ്പുറത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹൈക്കോടതി പോലും കെ.റെയില്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയും സമരപ്രവര്‍ത്തകര്‍ക്ക് എതിരായി ചാര്‍ജ് ചെയ്തിട്ടുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കണം. ഒക്ടോബര്‍ എട്ടിന് ജില്ലാസമരസമിതിയുടെ ആഭിമുഖ്യത്തില്‍ കിടപ്പാട സംരക്ഷണ ജാഥ സംഘടിപ്പിക്കും. ജില്ലയുടെ രണ്ടറ്റങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ചു വരുന്ന ജാഥകള്‍ കാട്ടിലപ്പീടിക സമരഭൂമിയില്‍ സംഗമിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മുസ്ഥഫ ഒലീവ്, സുനീഷ് കീഴാരി, പി.കെ ഷിജു എന്നിവര്‍ സംബന്ധിച്ചു.