തിരുവനന്തപുരം: കേരളത്തിലെ ആദ്യ കരസേനാ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി നാളെ മുതല്‍ കോഴിക്കോട് ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജില്‍ നടക്കും. ഒക്ടോബര്‍ 10 വരെയാണ് റാലി. വടക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളിലേയും ( കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട്) കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെയും പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മെന്‍ പത്താം ക്ലാസ്, അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍ എട്ടാം ക്ലാസ്, അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ എന്നീ കാറ്റഗറികളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അപേക്ഷകര്‍ക്ക് തീയതി തിരിച്ചുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനായി നല്‍കിയിട്ടുണ്ട്. മലപ്പുറത്തെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികള്‍ക്കാണ്ആദ്യദിനം നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷിച്ചവരെ ജില്ല തിരിച്ചും കാറ്റഗറി തിരിച്ചും വിളിച്ചിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന തീയതി പ്രകാരം ഉദ്യോഗാര്‍ഥികള്‍ രാവിലെ നാല് മണിക്ക് റാലി സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം.
റാലിയുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ ഭരണപരമായ ക്രമീകരണങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം ആവശ്യമായ പിന്തുണ നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ഉള്‍പ്പെടെ എല്ലാ ഘട്ടങ്ങളിലും റിക്രൂട്ട്മെന്റ് സമയത്തെ തിരഞ്ഞെടുക്കല്‍ പ്രക്രിയ കമ്പ്യൂട്ടര്‍വല്‍കൃതവും സുതാര്യവുമാണ്. അതിനാല്‍, ഒരുഘട്ടത്തിലും സ്വാധീനം ചെലുത്താന്‍ സാധിക്കില്ല. സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് സൗജന്യ സേവനമാണ്. കൈക്കൂലി കൊടുക്കല്‍/വാങ്ങല്‍, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കല്‍, അന്യായമായ മാര്‍ഗങ്ങളില്‍ ഏര്‍പ്പെടല്‍ എന്നിവ ക്രിമിനല്‍ കുറ്റവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്. റാലി നടക്കുന്ന സ്ഥലത്ത് ഏതെങ്കിലും വ്യക്തികള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷന്‍,ആര്‍മി യൂണിറ്റ്, ഗ്രീവന്‍സ് സെല്ലില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടാതെ, സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് വാഗ്ദാനം ചെയ്യുന്ന അനധികൃത വ്യക്തികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറരുത്. ഈ റാലിയില്‍ പങ്കെടുക്കാനായി 28740 ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.