മാഹി: വിശുദ്ധ അമ്മ ത്രേസ്യാപുണ്യവതിയുടെ തിരുന്നാള്‍ മഹോത്സവത്തിന് മാഹി സെന്റ് തെരേസാ ദേവാലയത്തില്‍ ഒക്ടോബര്‍ അഞ്ചിന് കൊടിയേറും. 22 വരെയാണ് മഹോത്സവം. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാഹി പളളി ഇടവക വികാരി ഫ:വിന്‍സെന്റ് പുളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ അഞ്ചിന് രാവിലെ 11.30ന് പള്ളി വികാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കൊടിയേറ്റത്തിനു ശേഷം വിശുദ്ധ അമ്മയുടെ അത്ഭുത തിരുസ്വരൂപം രഹസ്യ അറയില്‍ നിന്നും പുറത്തെടുത്ത് പൊതുവണക്കത്തിനായി സമര്‍പ്പിക്കും. അമ്മയുടെ തിരുസ്വരൂപത്തില്‍ പുഷ്പമാല്യം ചാര്‍ത്തുവാനും മെഴുകുതിരി തെളിയിക്കാനും ജാതിമത ഭേദമന്യേ പതിനായിരങ്ങളാണ് എത്തിച്ചേരുക. ഒക്ടോടോബര്‍ ഒമ്പതിന് വൈകീട്ട് ആറ് മണിക്ക് കോട്ടപ്പുറം രൂപത മെത്രാന്‍ റവ.ഡോ.ജോസഫ് കാരിക്കശ്ശേരിയും 10ന് വൈകീട്ട് ആറ് മണിക്ക് കണ്ണൂര്‍ രൂപത മെത്രാന്‍ റവ.ഡോ.അലക്‌സ് വടക്കും തലയുടെയും മുഖ്യകാര്‍മികത്വത്തില്‍ സാഘോഷാ ദിവ്യബലി നടത്തും. മഹോത്സവത്തിന്റെ പ്രധാന ദിവസമായ 14ന് വൈകീട്ട് അഞ്ച് മണിക്ക് ആലപ്പുഴ രൂപത മെത്രാന്‍ റവ.ഡോ.ജെയിംസ് ആനാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും.
തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ 15ന് രാവിലെ രണ്ട്മണി മുതല്‍ ശയനപ്രദിക്ഷണം ഉണ്ടായിരിക്കും. തുടര്‍ന്ന് രാവിലെ 10. 30 ന് സുല്‍ത്താന്‍പേട്ട് രൂപത മെത്രാന്‍ റവ.ഡോ.ആന്റണിസാമി പീറ്റര്‍ അബീറിന്റെ മുഖ്യകാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും. തിരുനാള്‍ സമാപന ദിവസമായ ഒക്ടോബര്‍ 22ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം അതിരൂപത മെത്രാന്‍ റവ.ഡോ.തോമസ് നെറ്റോവിന് സ്വീകരണവും തുടര്‍ന്ന് സാഘോഷ ദിവ്യബലിയും നടക്കും.
ഒക്ടോബര്‍ അഞ്ച് മുതല്‍ 22 വരെയുള്ള തിരുനാള്‍ ദിനങ്ങളില്‍ വിവിധ ഭാഷകളിലും റീത്തുകളിലും സാഘോഷ ദിവ്യബലികളും പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുനാള്‍ ദിവസമായ 14 ,15 തീയതികളില്‍ ചില എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് മാഹിയില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൂടാതെ മാഹിയിലെത്തുന്ന തീര്‍ഥാടകര്‍ക്കായി മാഹി മൈതാനിയില്‍ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികളായ രാജേഷ് ഡി.സില്‍വ, ബോബി ബിനോയ്, ജോഷ്വാ റോളണ്ട്, അഗസ്റ്റിന്‍.ഇ.എക്‌സ്, ജയ്‌സണ്‍ റോഡ്രിഗസ്, ജോണ്‍സണ്‍ കൊട്ടാരത്തില്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.