മലബാര്‍ ക്രാഫ്റ്റ്‌സ് മേളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലബാര്‍ ക്രാഫ്റ്റ്‌സ് മേളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട്: സ്വപ്‌ന നഗരിയില്‍ നടക്കുന്ന മലബാര്‍ ക്രാഫ്റ്റ്‌സ് മേളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ രണ്ട് മുതല്‍ 16 വരെയാണ് കോഴിക്കോടിന്റെ മണ്ണില്‍ മലബാര്‍ ക്രാഫ്റ്റ് മേള നടക്കുന്നത്. ഇതിനായുള്ള അവസാനവട്ട മിനുക്കുപണിയിലാണ് മേളയുടെ അണിയറ പ്രവര്‍ത്തകര്‍. കേരളത്തിന്റെ പരമ്പാരഗത വ്യവസായ സംരംഭങ്ങളുടെ അഭിവൃദ്ധിയും തനത് ഉല്‍പന്നങ്ങളുടെ വിപണനവും മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലബാര്‍ ക്രാഫ്റ്റ്‌സ് മേള.

മുളകൊണ്ടും തെങ്ങോല കൊണ്ടുമുള്ള സ്റ്റാളുകളുടെ ജോലി അവസാനഘട്ടത്തിലാണ്. 150-ഓളം കുടിലുകളായാണ് സ്റ്റാളുകള്‍ നിര്‍മിച്ചിരിക്കുന്നത്. മേളയിലേക്കുള്ള ഇരു കവാടങ്ങളും തയാറായിക്കഴിഞ്ഞു. വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും സഹായത്തോടെയാണ് എട്ടാമത് മലബാര്‍ ക്രാഫ്റ്റ്‌സ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഏറ്റവും മികച്ച കൈത്തറി, കരകൗശല പാരമ്പര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും പരമ്പരാഗത കരകൗശല വിദഗ്ധരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലബാര്‍ ക്രാഫ്റ്റ്‌സ് മേള സംഘടിപ്പിക്കുന്നത്.

ആന്ധ്രാപ്രദേശ്, അസം, ബീഹാര്‍, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മദ്ധ്യപ്രദേശ്, മണിപ്പൂര്‍, മഹാരാഷ്ട്ര, മിസോറാം, നാഗാലാന്റ്, ഒറീസ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലുങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങി 28 സംസ്ഥാനങ്ങളില്‍ നിന്നുമായി 200ല്‍ പരം കരകൗശല വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും 100ല്‍ പരം പരമ്പരാഗത കരകൗശല കൈത്തറി വിദഗ്ധരും പങ്കെടുക്കും.

പരമ്പരാഗത കരകൗശല വിദഗ്ധരെ പ്രോത്സാഹിപ്പിക്കുന്ന ഈ മേളയിലൂടെ വൈവിധ്യവല്‍ക്കരണവും മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണനവുമാണ് ലക്ഷ്യം വയ്ക്കുന്നത്. പരമ്പരാഗത കൈത്തറി, കരകൗശല മേഖലകളുടെ ഉന്നമനം കണക്കിലെടുത്ത് കേരള സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പ് 2007 മുതല്‍ മലബാര്‍ ക്രാഫ്റ്റ്‌സ് മേള സംഘടിപ്പിച്ചു വരുന്നുണ്ട്. മേളയുടെ വിജയകരമായ നടത്തിപ്പിനായി വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷനാണ്. കേരളത്തിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന ഉല്‍പ്പന്നങ്ങള്‍പ്രദര്‍ശിപ്പിക്കുന്നു എന്നതിനൊപ്പം സാംസ്‌കാരിക മേളയുടെ ഭാഗമായി കൂടിയാണ് മലബാര്‍ ക്രാഫ്റ്റ്‌സ് മേള സംഘടിപ്പിക്കുന്നത്.

ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം മാത്രമല്ല, അവയുടെ നിര്‍മാണ രീതിയും തത്സമയ പ്രദര്‍ശനത്തിലൂടെ കണ്ടു മനസിലാക്കുവാന്‍ സാധിക്കും. നിര്‍മാതാക്കളും ഉപഭോക്താക്കളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുന്ന ഈ വേദിയില്‍ പുതിയ ബിസിനസ് അവസരങ്ങളുടെ ജാലകങ്ങളും തുറന്നു കിട്ടുന്നു. മലബാര്‍ ക്രാഫ്റ്റ്‌സ് മേളയില്‍ കേരളത്തില്‍ നിന്നും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരുടെയും കരകൗശല വിദഗ്ധരുടെയും പരമ്പരാഗത കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും തത്സമയ നിര്‍മാണവും ഉണ്ടായിരിക്കും. സാംസ്‌കാരിക പരിപാടികളും കലാരൂപങ്ങളും വിവിധ ഗ്രാമീണ വിഭവങ്ങളും മേളയുടെ ആകര്‍ഷണമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *