കോഴിക്കോട്: 1948ല്‍ സ്ഥാപിതമായ ബ്രദേഴ്‌സ് മ്യൂസിക് ക്ലബിന്റെ 74ാം വാര്‍ഷികം ഒക്ടോബര്‍ ഒന്നിന് ശനി വൈകീട്ട് ആറ് മണിക്ക് ടൗണ്‍ ഹാളില്‍ നടക്കുമെന്ന് പ്രസിഡന്റ് അഡ്വ: ടി.എം വേലായുധനും സെക്രട്ടറി ഇ. അനേഷ് കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കലാ സാംസ്‌കാരിക രംഗത്തെ കുലപതികളായിരുന്ന കോഴിക്കോട് അബ്ദുല്‍ ഖാദര്‍, സംഗീത സംവിധായകന്‍ ബാബുരാജ്, ചലച്ചിത്ര നടന്‍ കെ.പി ഉമ്മര്‍, നാടക പ്രതിഭ കെ.ടി മുഹമ്മദ് എന്നിവര്‍ ക്ലബിന് നേതൃത്വപരമായ പങ്കുവഹിച്ചവരാണ്. വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് മ്യൂസിക്കല്‍ ഈവനിംഗ് (പുരാനി സംഗീത്) അരങ്ങേറും. ഉദ്ഘാടനച്ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, പി.വി ഗംഗാധരന്‍, കാലിക്കറ്റ് സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാന്‍ ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രഷറര്‍ കെ.പി ഖാലിദും എസ്.എസ് ദേവദാസ് (സംഗീതസംവിധായകന്‍) സംബന്ധിച്ചു.