കോഴിക്കോട്: കേരളത്തിന്റെ ഉന്നതിക്കും നമ്മളെ പട്ടിണിക്കിടാതെ സംരക്ഷിച്ചതും പ്രവാസി സമൂഹമാണെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ. പ്രവാസി സമൂഹമില്ലായിരുന്നെങ്കില്‍ ബീഹാര്‍, ആസാം പോലുള്ള സംസ്ഥാനങ്ങളുടെ ഗതി കേരളത്തിന് ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൈകതം-2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആദ്യ പ്രവാസി സംഘടനയായ കേരള പ്രവാസി സംഘം രൂപീകരിച്ചത് താന്‍ മുന്‍കൈയെടുത്താണ്. പിന്നീട് പ്രവാസി ലീഗിന്റെ രൂപീകരണത്തിലും സംഘടന ശക്തിപ്പെടുത്തുന്നതിലും ഇടപെടാന്‍ സാധിച്ചിട്ടുണ്ട്. മന്ത്രിയായിരുന്ന കാലത്ത് പ്രവാസി പെന്‍ഷന്‍ സ്‌കീം ഉണ്ടാക്കിയെടുക്കാന്‍ ശക്തമായി ഇടപ്പെട്ടിട്ടുണ്ട്.
അരനൂറ്റാണ്ട് മുന്‍പ് ഗള്‍ഫിലെത്തി 35-40 കൊല്ലം കഴിഞ്ഞ് തിരിച്ചുവന്ന് നാട്ടില്‍ വീണ്ടും കഷ്ടപ്പെടുന്ന പ്രായമായ പ്രവാസികളുണ്ട്. നാടിനും വീടിനും കുടുംബത്തിനും വേണ്ടി ജീവിച്ചവര്‍ ഇന്ന് പലയിടത്തും പ്രയാസം അനുഭവിക്കുന്നത് കാണുകയാണ്. ആഗോളതലത്തില്‍ 40 ശതമാനം സാമ്പത്തിക പിന്നോട്ടടിയുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുകൊണ്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സമ്പദ്ഘടന പ്രയാസത്തിലാകും. ഗള്‍ഫ് നാടുകളെയും പ്രതികൂലമായി ബാധിക്കും. ഇത്തരം പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ട് സഹകരണ മേഖലയിലൂടെ മുന്നേറാന്‍ സാധിക്കണം. സഹകരണ മേഖലയല്ലാതെ മറ്റുവഴികളില്ല. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമുണ്ട്. പ്രവാസികളെ സഹായിക്കാന്‍ പ്രവാസികള്‍ മാത്രമേയുള്ളൂവെന്ന് നാം തിരിച്ചറിയണം. സര്‍ക്കാരുകള്‍ക്ക് പരിമിതിയുണ്ട്. കേരളത്തില്‍ ഭരണാവസരം ലഭിച്ചാല്‍ പ്രവാസികളുടെ ഉന്നമനത്തിന് ശക്തമായി ഇടപെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മുഹാജി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വെങ്ങളം റഷീദ്, ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രവാസി ലീഗ് ജില്ലാ ജന.സെക്രട്ടറി യു.കെ ഹുസൈന്‍ സ്വാഗതവും ട്രഷറര്‍ കാറാളത്ത് പോക്കര്‍ ഹാജി നന്ദിയും പറഞ്ഞു.