- അര്‍ഷ്ദീപ് സിങ് പ്ലെയര്‍ ഓഫ് ദി മാച്ച്
- സൂര്യകുമാര്‍ യാദവിനും കെ.എല്‍ രാഹുലിന് അര്‍ധസെഞ്ച്വറി
തിരുവനന്തപുരം: ഇന്ത്യ – സൗത്ത് ആഫ്രിക്ക ട്വന്റി – ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് സൂപ്പര്‍ വിജയം. കാര്യവട്ടം സ്റ്റേഡിയത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തിളങ്ങിയത് ഇന്ത്യന്‍ ബൗളര്‍മാര്‍ ആയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ അഞ്ച് പേരെയാണ് ഒന്‍പത് റണ്‍സിനുള്ളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പവലിയനിലേക്ക് അയയ്ച്ചത്. മത്സരം മൂന്ന് ഓവര്‍ ആയപ്പോഴാണ് ഈ അവസ്ഥയുണ്ടായത്. ഒരു ഘട്ടത്തില്‍ സൗത്ത് ആഫ്രിക്കയുടെ ടീം ടോട്ടല്‍ 100 കടക്കില്ല എന്ന് തോന്നിച്ചിരുന്നു. എന്നാല്‍, ആറാമനായി വന്ന കേശവ് മഹാരാജിന്റെ ചെറുത്തുനില്‍പ്പാണ് സൗത്ത് ആഫ്രിക്കയെ നൂറു കടത്തിയത്. 35 പന്തില്‍ നിന്ന് വിലപ്പെട്ട 41 റണ്‍സാണ് താരം സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി നേടിയത്. എയ്ഡന്‍ മാര്‍ക്രം 25 (24), വെയ്ന്‍ പാര്‍ണല്‍ 24 (37), കേശവ് മഹാരാജ് 41 (35) എന്നിവരാണ് സൗത്ത് ആഫ്രിക്കന്‍ ടീമില്‍ തിളങ്ങിയ ബാറ്റര്‍മാര്‍.
107 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ടീം ടോട്ടല്‍ 20 റണ്‍സ് ആകുമ്പോഴേക്കും തന്നെ നായന്‍ രോഹിത് ശര്‍മയെ 0(2)യും വിരാട് കോഹ്‌ലിയെ3(9)യും നഷ്ടമായി. ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിവച്ചത് സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ ഏറ്റെടുക്കുമോ എന്ന് ഒരു വേള തോന്നിച്ചെങ്കിലും പിന്നീട് വന്ന സൂര്യകുമാര്‍ യാദവും കെ.എല്‍. രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. മത്സരത്തില്‍ രണ്ടു പേരും അര്‍ധസെഞ്ച്വറി നേടി. സൂര്യകുമാര്‍ യാദവ് 50(33) ഉം 51 (56) ഉം റണ്‍സുകള്‍ നേടി. ഇരുവരും ചേര്‍ന്ന് 14 ബൗണ്ടറികളാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അടിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളുള്ള ട്വന്റി ട്വന്റി പരമ്പരയില്‍ 1-0 മുന്‍പിലെത്തിയിരിക്കുകയാണ് ഇന്ത്യ.
കഴിഞ്ഞ പരമ്പര വരെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഫോം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ ഫോമിലേക്ക് മടങ്ങിവന്ന കാഴ്ചയാണ് കാണികള്‍ക്ക് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കാണാന്‍ കഴിഞ്ഞത്. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വിക്കറ്റ് വീതം ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും വീഴ്ത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി.